Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയര്‍ലന്റിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും


2015 സെപ്റ്റംബര്‍ 23 മുതല്‍ 29 വരെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അയര്‍ലന്റും അമേരിക്കന്‍ ഐക്യനാടും സന്ദര്‍ശിക്കും.
ഫേയ്‌സ്ബുക്ക് പോസ്റ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു.

” 2015 സെപ്റ്റംബര്‍ 23 ന് ഞാന്‍ അയര്‍ലന്റ് സന്ദര്‍ശിക്കും. ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്റ് സന്ദര്‍ശിക്കുന്നത് ഏകദേശം 60 വര്‍ഷത്തിന് ശേഷമാണ്. അയര്‍ലന്റില്‍ ഞാന്‍ പ്രധാനമന്ത്രി ശ്രീ. എന്‍ഡ കെന്നിയുമായി ചര്‍ച്ച നടത്തും. വരും വര്‍ഷങ്ങളില്‍ അയര്‍ലന്റുമായുള്ള ശക്തമായ സാമ്പത്തിക ബന്ധങ്ങളും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ വികസിപ്പിക്കാനാവുമെന്ന്് ഞാന്‍ കരുതുന്നു. അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹവുമായും ഞാന്‍ കൂടികാഴ്ച നടത്തും.
” 2015 സെപ്റ്റംബര്‍ 24 ന് ഞാന്‍ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കും. എന്റെ കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിലും, ഇക്കൊല്ലമാദ്യം പ്രസിഡന്റ് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും പാകിയ അടിത്തറ കൂടുതല്‍ ശക്തമാക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.

ഐക്യരാഷ്ട്രസഭ അതിന്റെ 70–ാം വാര്‍ഷികം ആഘോഷിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ഞാന്‍ യു.എസ്.എ. യിലേക്ക് പോകുന്നത്. ഐക്യരാഷ്ട്രസഭയ്ക്ക് ഇന്ത്യ വളരെയധികം പ്രാധാന്യമാണ് നല്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് സംബന്ധിച്ച് 193 രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ക്ക് ജൂലൈയില്‍ ഞാന്‍ കത്തെഴുതിയിരുന്നു. നമ്മുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച് കൊണ്ട് നിരവധി രാജ്യങ്ങളുടെ നേതാക്കള്‍ മറുപടി അയച്ചുവെന്നതില്‍ എനിക്കു സന്തോഷമുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തില്‍ 2015 ന് ശേഷമുള്ള പുതിയ സുസ്ഥിര വികസന കാര്യപരിപാടി അംഗീകരിക്കുന്നതിനായുള്ള ഐക്യരാഷ്ട്ര സുസ്ഥിര വികസന ഉച്ചകോടിയെ ഞാന്‍ അഭിസംബോധന ചെയ്യും.
സമാധനപാലനം സംബന്ധിച്ച് പ്രസിഡന്റ് ഒബാമ സംഘടിപ്പിക്കുന്ന ഉച്ചകോടിയിലും ഞാന്‍ സംബന്ധിക്കും. ചരിത്രപരമായി ഐക്യരാഷ്ട്ര സമാധാനപാലന സേനയിലേക്ക് ഏറ്റവുമധികം പേരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മറ്റേതു രാജ്യത്തേക്കാളുപരി ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം ഇന്ത്യന്‍ സൈനികര്‍ ഐക്യരാഷ്ട്ര സമാധാന പാലന ദൗത്യങ്ങളില്‍ പങ്കടുത്തിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ സമാധാനം ഉറപ്പിക്കുന്നതിന് ലോകത്തൊട്ടാകെ പരന്ന് കിടക്കുന്ന നമ്മുടെ സമാധാനപാലന സേനകളെ കുറിച്ച് നമുക്ക് അഭിമാനം ഉണ്ട്. സമാധാനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ എല്ലാവര്‍ക്കും ഞാന്‍ പ്രണാമം അര്‍പ്പിക്കും. സമാധാനപാലനം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ച് എന്റെ ചിന്തകള്‍ പങ്കിടുന്നതിനെ ഞാന്‍ ഉറ്റുനോക്കുകയാണ്. ഇക്കൊല്ലം ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ജി-4 നേതാക്കളുടെ ഉച്ചകോടിയുടെ മുഖ്യ കാര്യ പരിപാടി ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പരിഷ്‌കാരങ്ങളാണ്. പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഐക്യരാഷ്ട്രസഭയുടെ എഴുപതാം വാര്‍ഷികം. ഈ വിഷയത്തില്‍ ഔപചാരിക ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാകാവുന്ന ഒരു രേഖ 20 വര്‍ഷത്തിന് ശേഷം അടുത്തിടെ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചിരുന്നു.

സന്ദര്‍ശനവേളയില്‍ നിരവധി ലോക നേതാക്കളുമായും പ്രമുഖ നിക്ഷേപകരുമായും ഞാന്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ വിവരിക്കുന്നതിനായി ഫോര്‍ച്ച്യൂണ്‍-500 കമ്പനികളുടെ മേധാവികളുമൊത്ത് അത്താഴവിരുന്നും ഉണ്ടാകും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി അമേരിക്കന്‍ ബിസിനസ്സ് പ്രമുഖരുമായി നടത്തി വന്ന ചര്‍ച്ചകള്‍ ആശാവഹമാണ്.

അമേരിക്കന്‍ സന്ദര്‍ശനത്തിടെ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ വെസ്റ്റ് കോസ്റ്റില്‍ ഞാന്‍ നിരവധി പരിപാടികളില്‍ പങ്കെടുക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍, നവീന സാങ്കേതിക വിദ്യകള്‍ എന്നിവയുടെ ഈറ്റില്ലമായ വെസ്റ്റ് കോസ്റ്റ് ഏകദേശം 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.

ഫേയ്‌സ്ബുക്ക് ആസ്ഥാനത്ത് ശ്രീ. മാര്‍ക്ക് സക്കര്‍ബര്‍ഗുമൊത്തുള്ള ടൗണ്‍ഹാള്‍ പ്രശ്‌നോത്തരിയിലും ഞാന്‍ പങ്കെടുക്കും. സമ്പദ്ഘടന,സമൂഹം എന്നിവ സംബന്ധിച്ച് ലോകത്തിന് മൊത്തത്തിലും ഇന്ത്യക്ക് പ്രത്യേകിച്ചുമുള്ള ചില ആഗോള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. നിങ്ങള്‍ തീര്‍ച്ചയായും ഈ ടൗണ്‍ഹാള്‍ മീറ്റിംഗ് നഷ്ടപ്പെടുത്തരുത്.
ഫേയ്‌സ്ബുക്കിലൂടെയും നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും നിങ്ങളുടെ ചോദ്യങ്ങള്‍ പങ്കിടാന്‍ ഞാന്‍ ക്ഷണിച്ചിരുന്നു. ഗൂഗിള്‍ (ആല്‍ഫബറ്റ്) ക്യാംബസ്, ടെസ്‌ല മോട്ടേഴ്‌സ് എന്നിവിടങ്ങളിലെ നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങളും ഞാന്‍ വീക്ഷിക്കും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പുനരുപയോഗ ഊര്‍ജ്ജം സംബന്ധിച്ച സമ്മേളനത്തെ ഞാന്‍ അഭിസംബോധന ചെയ്യും.

‘ഇന്ത്യ- യു.എസ് സ്റ്റാര്‍ട്ട് അപ്പ് കണക്ട്’ ആണ് ഞാന്‍ ഉത്സാഹപൂര്‍വ്വം ഉറ്റു നോക്കുന്ന ഒരു പരിപാടി. സ്റ്റാര്‍ട്ട് അപ്പുകളുടെ കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കെ, ഇതിനെ കൂടുതല്‍ വിപുലമാക്കാന്‍ നാം ആശിക്കുന്നു. ഈ പരിപാടിയില്‍ ഒരു കൂട്ടം ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ തങ്ങളുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുകയും മികവുറ്റ അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് വ്യവസായവുമായുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യും.

സാന്‍ ജോസില്‍ സെപ്റ്റംബര്‍ 27ന് ഇന്ത്യന്‍ സമൂഹവുമായി ഞാന്‍ ആശയവിനിമയം നടത്തും. ഇന്ത്യന്‍ അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസി ഇന്ത്യക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. നമ്മുടെ രണ്ട് സമൂഹങ്ങള്‍ക്കും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള അവരുടെ നേട്ടങ്ങളില്‍ നമുക്ക് ഏറെ അഭിമാനമുണ്ട്.
ലോകത്തെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിന് എന്റെ യു. എസ്. സന്ദര്‍ശനം ഫലവത്താകുമെന്ന് എനിക്ക് ഉറപ്പുണ്ട്.