Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026, പ്രധാനമന്ത്രി ഫെബ്രുവരി 19 ന് ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 19-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 സന്ദർശിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഇതിന് മുന്നോടിയായി, ഫെബ്രുവരി 18-ന് വൈകുന്നേരം 7 മണിയോടെ ഭാരത് മണ്ഡപത്തിൽ വെച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യും. അതോടൊപ്പം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകളും നടത്തും.

ഫെബ്രുവരി 19-ന് രാവിലെ 9:40-ഓടെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ എന്നിവരും ലോകമെമ്പാടുമുള്ള പ്രമുഖ വ്യവസായ നേതാക്കളും ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യും.

തുടർന്ന് രാവിലെ 11 മണിയോടെ മറ്റ് നേതാക്കൾക്കൊപ്പം അദ്ദേഹം ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026 ലെ വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിക്കും.

ഉച്ചയ്ക്ക് 12 മണി മുതൽ നടക്കുന്ന ലീഡേഴ്സ് പ്ലീനറിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഭരണനിർവഹണം, അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ എഐയുമായി ബന്ധപ്പെട്ട ദേശീയ-ആഗോള മുൻഗണനകൾക്ക് രൂപം നൽകുന്നതിനായി രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ മുതിർന്ന പ്രതിനിധികൾ എന്നിവർ ഇതിൽ ഒത്തുചേരും.

അതിനുശേഷം വൈകുന്നേരം 5:30 മുതൽ നടക്കുന്ന സിഇഒ റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി സംബന്ധിക്കും. നിക്ഷേപം, ഗവേഷണ സഹകരണം, വിതരണ ശൃംഖലകൾ, എഐ സംവിധാനങ്ങളുടെ വിന്യാസം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആഗോള സാങ്കേതിക-വ്യവസായ സ്ഥാപനങ്ങളിലെ മുതിർന്ന എക്സിക്യൂട്ടീവുകളും ഗവണ്മെന്റ് പ്രതിനിധികളും ഇതിൽ പങ്കുചേരും. 

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ന്റെ പ്രമേയം ‘सर्वजन हिताय, सर्वजन सुखाय’ എന്നതാണ്, അതായത് “എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം. എഐ മേഖലയിൽ ഇന്ത്യയെ ഒരു ആഗോള നേതാവായി പ്രതിഷ്ഠിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എഐ മനുഷ്യരാശിയെ മുന്നോട്ട് കൊണ്ടുപോകുകയും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ പരിപോഷിപ്പിക്കുകയും, നമ്മുടെ ഭൂമിയെ  സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭാവിയെ ഈ ഉച്ചകോടി വിഭാവനം ചെയ്യുന്നു.

ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ മൂന്ന് സ്തംഭങ്ങളിൽ അധിഷ്ഠിതമായ ഏഴ് കർമ്മ സമിതികളാണ് ഈ ഉച്ചകോടിയെ നയിക്കുന്നത്. വിവിധ മേഖലകളിൽ എഐ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്ന കൃത്യമായ ഫലങ്ങൾ നൽകുന്നതിനായി ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കും. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും വേണ്ടിയുള്ള എഐ; എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം; സാമൂഹിക ശാക്തീകരണത്തിനായുള്ള ഉൾച്ചേർക്കൽ; സുരക്ഷിതവും വിശ്വസനീയവുമായ എഐ; മനുഷ്യവിഭവശേഷി; ശാസ്ത്രം; അതിജീവനശേഷി, നൂതനാശയം, കാര്യക്ഷമത എന്നിവയാണ് ആ ഏഴ് പ്രമേയങ്ങൾ.

സിഇഒ/സിഎക്സ്ഒ (CEO/CXO) തലത്തിലുള്ളവർ,100 ഓളം സിഇഒമാരും സ്ഥാപകരും, 150 അക്കാദമിക് വിദഗ്ധരും ഗവേഷകരും, കൂടാതെ 400 സിടിഒ മാർ, വൈസ് പ്രസിഡന്റുമാർ, മനുഷ്യസ്‌നേഹികൾ എന്നിവരടങ്ങുന്ന 500-ലധികം ആഗോള എഐ (AI) നേതാക്കളെ ഈ ഉച്ചകോടി ഒന്നിപ്പിക്കും. അതോടൊപ്പം 20-ലധികം രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവികളും ഏകദേശം 60-ഓളം മന്ത്രിമാരും സഹമന്ത്രിമാരും ഉൾപ്പെടെ നൂറിലധികം ഗവണ്മെന്റ് പ്രതിനിധികളും ഇതിൽ പങ്കുചേരും.

 

-NK-