പിഎം ഇന്ത്യ
2003 ജനുവരിയില്‍ ഒപ്പുവെച്ച ഇന്ത്യ-സെര്‍ബിയ വ്യോമഗതാഗത കരാര്‍ (എ.എസ്.എ.) പുതുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനായി രാജ്യാന്തര വ്യോമഗതാഗത സംഘടന(ഐ.സി.എ.ഒ.)യുടെ രീതികള്‍ക്കനുസൃതമായി, വ്യോമഗതാഗത രംഗത്തെ നൂതന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാവുംവിധമാണു കരാര്‍ പുതുക്കുക.
കരാര്‍ പ്രകാരം ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കു സെര്‍ബിയയിലെ ഏതു വിമാനത്താവളത്തിലേക്കും സര്‍വീസ് നടത്താം. സെര്‍ബിയന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ ന്യൂഡെല്‍ഹി, മുംബൈ, തെരഞ്ഞെടുക്കുന്ന മറ്റു രണ്ടു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്താനും സാധിക്കും. ഇരു രാജ്യങ്ങളിലെയും ഒന്നിലധികം വിമാനക്കമ്പനികള്‍ക്കു സര്‍വീസ് നടത്താനുള്ള അവസരം കരാര്‍ പുതുക്കലിലൂടെ ലഭിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ, വിനോദസഞ്ചാര, സാംസ്‌കാരിക കൈമാറ്റത്തിനു പരിഷ്‌കാരം സഹായകമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ ഇല്ല.