Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച’രാഷ്ട്ര പ്രേരണാ സ്ഥൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെ, ലഖ്‌നൗവിന്റെ ഭൂമിക ഇന്ന് പുതിയൊരു പ്രചോദനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും അദ്ദേഹം ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇന്ത്യയിലും ദശലക്ഷക്കണക്കിന് ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തുമസ് ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ എന്നത് എല്ലാവരുടെയും കൂട്ടായ അഭിലാഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഡിസംബർ 25 രാജ്യത്തെ രണ്ട് മഹദ്‌വ്യക്തികളുടെ ജന്മവാർഷികമായിവരുന്ന സവിശേഷമായ ദിനമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയി ജിയും ഭാരതരത്ന മഹാമന മദൻ മോഹൻ മാളവ്യ ജിയും ഇന്ത്യയുടെ സ്വത്വം, ഐക്യം, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ചവരാണെന്ന് അനുസ്മരിച്ചു. രാഷ്ട്രനിർമ്മാണത്തിൽ തങ്ങളുടെ മഹത്തായ സംഭാവനകളിലൂടെ മായാത്ത മുദ്ര പതിപ്പിച്ചവരാണ് ഈ രണ്ട് നേതാക്കളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിസംബർ 25 മഹാരാജ ബിജ്ലി പാസി ജിയുടെയും ജന്മവാർഷികമാണെന്നും ലഖ്‌നൗവിലെ പ്രശസ്തമായ ബിജ്ലി പാസി കോട്ട ഇവിടെ നിന്ന് അധികം അകലെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാജ ബിജ്ലി പാസി പകർന്നുനൽകിയ ധീരതയുടെയും സദ്ഭരണത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയത്തിന്റെയും പൈതൃകം പാസി സമൂഹം അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. 2000-ൽ അടൽ ജിയാണ് മഹാരാജ ബിജ്ലി പാസിയുടെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് എന്ന യാദൃശ്ചികതയും അദ്ദേഹം അനുസ്മരിച്ചു. മഹാമന മാളവ്യ ജി, അടൽ ജി, മഹാരാജ ബിജ്ലി പാസി എന്നിവർക്ക് അദ്ദേഹം ആദരപൂർവ്വം പ്രണാമമർപ്പിച്ചു.

ആത്മാഭിമാനത്തിന്റെയും ഐക്യത്തിന്റെയും സേവനത്തിന്റെയും പാത ഇന്ത്യയ്ക്ക് കാണിച്ചുതന്ന ദർശനത്തിന്റെ പ്രതീകമായ ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ അല്പം മുൻപ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജി, അടൽ ബിഹാരി വാജ്‌പേയി ജി എന്നിവരുടെ കൂറ്റൻ പ്രതിമകൾ ഇവിടെ ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും, അവർ നൽകുന്ന പ്രചോദനം അതിലും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അടൽ ജിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ട്, ഓരോ ചുവടും ഓരോ പരിശ്രമവും രാഷ്ട്രനിർമ്മാണത്തിനായി സമർപ്പിക്കണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന നിശ്ചയദാർഢ്യം നിറവേറ്റാൻ കഴിയൂ എന്ന സന്ദേശമാണ് ഈ രാഷ്ട്ര പ്രേരണാ സ്ഥൽ നൽകുന്നതെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലഖ്‌നൗവിനും ഉത്തർപ്രദേശിനും മുഴുവൻ രാജ്യത്തിനും ഈ ആധുനിക പ്രചോദന കേന്ദ്രത്തിന്റെ പേരിൽ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. പ്രേരണാ സ്ഥൽ നിർമ്മിച്ചിരിക്കുന്ന 30 ഏക്കറിലധികം ഭൂമി ദശാബ്ദങ്ങളായി മാലിന്യക്കൂമ്പാരമായിരുന്നുവെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അത് പൂർണ്ണമായും ശുദ്ധീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാ തൊഴിലാളികളെയും കലാകാരന്മാരെയും ആസൂത്രകരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മുഴുവൻ സംഘത്തെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

രാജ്യത്തിന് ദിശാബോധം നൽകുന്നതിൽ ഡോ. ശ്യാമപ്രസാദ് മുഖർജി നിർണ്ണായക പങ്കുവഹിച്ചുവെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇന്ത്യയിൽ രണ്ട് ഭരണഘടനകളും രണ്ട് ചിഹ്നങ്ങളും രണ്ട് പ്രധാനമന്ത്രിമാരും എന്ന വ്യവസ്ഥയെ നിരസിച്ചത് അദ്ദേഹമാണെന്ന് അനുസ്മരിച്ചു. സ്വാതന്ത്ര്യാനന്തരവും ജമ്മു കശ്മീരിലെ സംവിധാനങ്ങൾ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 എന്ന മതിൽ പൊളിച്ചെഴുതാൻ തങ്ങളുടെ ഗവൺമെന്റിന് അവസരം ലഭിച്ചുവെന്നും ഇന്ന് ഇന്ത്യൻ ഭരണഘടന ജമ്മു കശ്മീരിൽ പൂർണ്ണമായും നടപ്പിലാക്കിയിട്ടുണ്ടെന്നും ശ്രീ മോദി അഭിമാനത്തോടെ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യവസായ മന്ത്രി എന്ന നിലയിൽ, സാമ്പത്തിക സ്വാശ്രയത്വത്തിന് അടിത്തറ പാകിയതും രാജ്യത്തിന് ആദ്യത്തെ വ്യാവസായിക നയം നൽകിയതും അതുവഴി ഇന്ത്യയിൽ വ്യവസായവൽക്കരണത്തിന് അടിത്തറ പാകിയതും ഡോ. ​​മുഖർജിയാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന് അതേ സ്വയംപര്യാപ്തത എന്ന മന്ത്രം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണെന്നും ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ തന്നെ ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ എന്ന വലിയ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് ചെറുകിട വ്യവസായങ്ങളെയും യൂണിറ്റുകളെയും ശക്തിപ്പെടുത്തുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇതിനോടൊപ്പം ഉത്തർപ്രദേശിൽ ഒരു വലിയ പ്രതിരോധ ഇടനാഴി നിർമ്മിച്ചുവരികയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം കരുത്ത് തിരിച്ചറിഞ്ഞ ബ്രഹ്മോസ് മിസൈലുകൾ ഇപ്പോൾ ലഖ്‌നൗവിൽ നിർമ്മിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി, പ്രതിരോധ ഉൽപ്പാദനത്തിൽ ആഗോള അംഗീകാരം നേടുന്ന ദിനം വിദൂരമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ദശാബ്ദങ്ങൾക്ക് മുമ്പ് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജി ‘അന്ത്യോദയ’ എന്ന സ്വപ്നം ദർശിച്ചിരുന്നുവെന്ന് അടിവരയിട്ട പ്രധാനമന്ത്രി, വരിയിൽ നിൽക്കുന്ന അവസാനത്തെ വ്യക്തിയുടെയും മുഖത്തെ പുഞ്ചിരിയിലൂടെയായിരിക്കണം ഇന്ത്യയുടെ പുരോഗതി അളക്കേണ്ടതെന്ന് ദീൻ ദയാൽ ജി വിശ്വസിച്ചിരുന്നതായി അഭിപ്രായപ്പെട്ടു. ശരീരവും മനസ്സും ബുദ്ധിയും ആത്മാവും ഒരുമിച്ച് വികസിക്കുന്ന സമഗ്ര മാനവദർശനത്തെ കുറിച്ചാണ് ദീൻ ദയാൽ ജി പറഞ്ഞിരുന്നത്. ദീൻ ദയാൽ ജിയുടെ സ്വപ്നം, തന്റെ സ്വന്തം നിശ്ചയദാർഢ്യമായി ഏറ്റെടുത്തിരിക്കുകയാണെന്നും അന്ത്യോദയയ്ക്ക് ഇപ്പോൾ പൂർത്തീകരണം (Saturation) എന്ന പുതിയ മാനം നൽകിയിട്ടുണ്ടെന്നും ശ്രീ മോദി വ്യക്തമാക്കി. അതായത്, അർഹരായ എല്ലാ വ്യക്തികളെയും ഗുണഭോക്താക്കളെയും ഗവണ്മെന്റ് ക്ഷേമപദ്ധതികളുടെ പരിധിയിൽ കൊണ്ടുവരുന്നു. സാച്ചുറേഷൻ എന്ന മനോഭാവം ഉണ്ടാകുമ്പോൾ അവിടെ വിവേചനമില്ലെന്നും ഇതാണ് യഥാർത്ഥ സദ്ഭരണമെന്നും യഥാർത്ഥ സാമൂഹിക നീതിയെന്നും യഥാർത്ഥ മതേതരത്വമെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഇന്ന് രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വിവേചനമില്ലാതെ ആദ്യമായി അടച്ചുറപ്പുള്ള വീടുകളും ശൗചാലയങ്ങളും പൈപ്പ് വെള്ളവും വൈദ്യുതിയും ഗ്യാസ് കണക്ഷനുകളും ലഭിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് ആദ്യമായി സൗജന്യ റേഷനും സൗജന്യ ചികിത്സയും ലഭിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വരിയുടെ അവസാനത്തിൽ നിൽക്കുന്ന വ്യക്തിയിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ട് പണ്ഡിറ്റ് ദീൻ ദയാൽ ജിയുടെ ദർശനത്തോട് തങ്ങൾ നീതി പുലർത്തുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

“കഴിഞ്ഞ ദശകത്തിൽ കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി”, എന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, തങ്ങളുടെ ഗവണ്മെന്റ് ഏറ്റവും പിന്നിലാക്കപ്പെട്ടവർക്കും വരിയുടെ അവസാനത്തിൽ നിൽക്കുന്നവർക്കും മുൻഗണന നൽകിയതുകൊണ്ടാണ് ഇത് സാധ്യമായതെന്ന് അഭിപ്രായപ്പെട്ടു. 2014-ന് മുമ്പ് ഏകദേശം 25 കോടി പൗരന്മാർ മാത്രമാണ് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയിൽ വന്നിരുന്നതെങ്കിൽ, ഇന്ന് ഏകദേശം 95 കോടി ഇന്ത്യക്കാർ ഈ സംരക്ഷണ വലയത്തിനുള്ളിലാണെന്നും ഇതിൽ വലിയൊരു വിഭാഗം ഗുണഭോക്താക്കൾ ഉത്തർപ്രദേശിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ ഒരുകാലത്ത് ചുരുക്കം ചിലരിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതുപോലെ, ഇൻഷുറൻസും സമ്പന്നർക്ക് മാത്രമുള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് സുരക്ഷ അവസാനത്തെ വ്യക്തിയിലേക്കും എത്തിക്കാനുള്ള ഉത്തരവാദിത്തം തന്റെ ഗവണ്മെന്റ് ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നാമമാത്രമായ പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുന്ന ‘പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന’ ആരംഭിച്ചു. ഇന്ന് 25 കോടിയിലധികം ദരിദ്രരായ പൗരന്മാർ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. അതുപോലെ, അപകട ഇൻഷുറൻസിനായുള്ള ‘പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന’ വഴി മുമ്പ് ഇൻഷുറൻസിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ഏകദേശം 55 കോടി ദരിദ്രരെ ബന്ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികളിലൂടെ ഇതിനകം തന്നെ ഗുണഭോക്താക്കൾക്ക് ഏകദേശം 25,000 കോടി രൂപ ക്ലെയിമുകളായി നൽകിയിട്ടുണ്ടെന്നത് പലരെയും അത്ഭുതപ്പെടുത്തുമെന്ന് ശ്രീ മോദി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഈ പണം പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ താങ്ങായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൽ ജിയുടെ ജന്മവാർഷികം സദ്ഭരണത്തെ ആഘോഷിക്കാനുള്ള ദിനം കൂടിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിർമ്മാർജ്ജനം പോലുള്ള മുദ്രാവാക്യങ്ങൾ മാത്രം ഭരണമായി കണക്കാക്കപ്പെട്ടിരുന്ന ഒരുകാലമുണ്ടായിരുന്നുവെന്നും എന്നാൽ അടൽ ജിയാണ് സദ്ഭരണത്തെ യഥാർത്ഥത്തിൽ പ്രായോഗികമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ഡിജിറ്റൽ തിരിച്ചറിയൽ രേഖകളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിന് അടിത്തറയിട്ടത് അടൽ ജിയുടെ ഗവണ്മെന്റാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. അന്ന് തുടങ്ങിയ സ്പെഷ്യൽ കാർഡ് പദ്ധതിയാണ് ഇന്ന് ലോകപ്രശസ്തമായ ‘ആധാർ’ ആയി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ടെലികോം വിപ്ലവം ത്വരിതപ്പെടുത്തിയതിന്റെ ബഹുമതിയും അടൽ ജിക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഗവണ്മെന്റ് രൂപീകരിച്ച ടെലികോം നയം ഓരോ വീട്ടിലും ഫോണും ഇന്റർനെറ്റും എത്തിക്കുന്നത് എളുപ്പമാക്കി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ, ഇന്റർനെറ്റ് ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായി മാറിയതിൽ അടൽ ജി സന്തുഷ്ടനായിരിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടൽ ജി പാർലമെന്റ് അംഗമായി സേവനമനുഷ്ഠിച്ച ഉത്തർപ്രദേശ്, ഇന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ മൊബൈൽ നിർമ്മാണ സംസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണക്റ്റിവിറ്റിയെക്കുറിച്ചുള്ള അടൽ ജിയുടെ കാഴ്ചപ്പാട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് നേരത്തെ തന്നെ കരുത്ത് പകർന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗ്രാമങ്ങളെ റോഡുകൾ വഴി ബന്ധിപ്പിക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടതും സുവർണ്ണ ചതുർഭുജ പാതാ  വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതും അടൽ ജിയുടെ ഗവണ്മെന്റിന്റെ കാലത്താണെന്ന് അദ്ദേഹം അനുസ്മരിച്ചു.

2000 മുതൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ ഏകദേശം 8 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചതായും അതിൽ ഏകദേശം 4 ലക്ഷം കിലോമീറ്ററും കഴിഞ്ഞ 10-11 വർഷത്തിനുള്ളിലാണ് നിർമ്മിച്ചതെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്തുടനീളം അഭൂതപൂർവ്വമായ വേഗതയിൽ അതിവേഗ പാതകൾ  നിർമ്മിക്കപ്പെടുന്നുണ്ടെന്നും ഉത്തർപ്രദേശ് ഒരു ‘എക്സ്പ്രസ് വേ സംസ്ഥാനം’ എന്ന നിലയിൽ സ്വന്തം സ്വത്വം സ്ഥാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മെട്രോയ്ക്ക് തുടക്കമിട്ടത് അടൽ ജിയാണെന്നും ഇന്ന് രാജ്യത്തെ ഇരുപതിലധികം നഗരങ്ങളിലെ മെട്രോ ശൃംഖലകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം സുഗമമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തങ്ങളുടെ ഗവണ്മെന്റ് സൃഷ്ടിച്ച സദ്ഭരണത്തിന്റെ പാരമ്പര്യം ഇപ്പോൾ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവൺമെന്റുകൾ വിപുലീകരിക്കുകയും പുതിയ മാനങ്ങൾ നൽകുകയും ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജി, അടൽ ബിഹാരി വാജ്‌പേയി ജി എന്നിവരുടെ പ്രചോദനവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും അവരുടെ ബൃഹത് പ്രതിമകളും വികസിത ഭാരതത്തിന് ശക്തമായ അടിത്തറയാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ പ്രതിമകൾ ഇന്ന് രാജ്യത്ത് പുതിയ ഊർജ്ജം നിറയ്ക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ എല്ലാ നല്ല പ്രവൃത്തികളെയും ഒരൊറ്റ കുടുംബവുമായി ബന്ധിപ്പിക്കാനുള്ള പ്രവണത എങ്ങനെയാണുണ്ടായെന്നത് മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുസ്തകങ്ങളായാലും ഗവണ്മെന്റ് പദ്ധതികളായാലും സ്ഥാപനങ്ങളായാലും തെരുവുകളായാലും ചത്വരങ്ങളായാലും എല്ലാം ഒരു കുടുംബത്തിന്റെ മഹത്വവൽക്കരണത്തോടും അവരുടെ പേരുകളോടും പ്രതിമകളോടും ബന്ധപ്പെട്ടിരുന്നു. ഒരു കുടുംബത്തിന് ബന്ദിയാക്കപ്പെട്ട ഈ പഴയ രീതിയിൽ നിന്ന് തങ്ങളുടെ പാർട്ടി രാജ്യത്തെ മോചിപ്പിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഭാരതാംബയുടെ ഓരോ അമരപുത്രനെയും രാഷ്ട്രസേവനത്തിനായി നൽകിയ ഓരോ സംഭാവനയെയും തന്റെ ഗവണ്മെന്റ് ആദരിക്കുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഇന്ന് ഡൽഹിയിലെ കർത്തവ്യ പഥിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അഭിമാനത്തോടെ നിലകൊള്ളുന്നതും നേതാജി ത്രിവർണ്ണ പതാക ഉയർത്തിയ ആൻഡമാനിലെ ദ്വീപിന് അദ്ദേഹത്തിന്റെ പേര് നൽകിയതും ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബാബാസാഹെബ് അംബേദ്കറുടെ പൈതൃകം മായ്ച്ചുകളയാൻ ശ്രമിച്ചത് ആർക്കും മറക്കാൻ കഴിയില്ലെന്ന് പരാമർശിച്ച പ്രധാനമന്ത്രി, ഡൽഹിയിലും ഉത്തർപ്രദേശിലും പ്രതിപക്ഷ പാർട്ടികൾ ഈ പാപം ചെയ്തുവെന്ന് പറഞ്ഞു. ബാബാസാഹെബിന്റെ പൈതൃകം ഇല്ലാതാക്കാൻ തങ്ങളുടെ പാർട്ടി അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇന്ന് ഡൽഹി മുതൽ ലണ്ടൻ വരെ ബാബാസാഹെബ് അംബേദ്കറുടെ ‘പഞ്ചതീർത്ഥങ്ങൾ’ അദ്ദേഹത്തിന്റെ പൈതൃകം വിളിച്ചോതുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ സർദാർ പട്ടേൽ ഏകീകരിച്ചുവെന്നും എന്നാൽ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പദവിയെയും വിലകുറച്ചുകാണിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. സർദാർ പട്ടേലിന് അർഹമായ ആദരവ് നൽകിയത് തങ്ങളുടെ പാർട്ടിയാണെന്ന് അദ്ദേഹം അടിവരയിട്ടു. തങ്ങളുടെ ഗവൺമെന്റാണ്  ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മിച്ചതെന്നും ഏകതാ നഗറിനെ ഒരു പ്രചോദന കേന്ദ്രമായി വികസിപ്പിച്ചതെന്നും പ്രധാനമന്ത്രി ചൂടിക്കാട്ടി. എല്ലാ വർഷവും ഒക്ടോബർ 31-ന് രാജ്യത്തെ ദേശീയ ഏകതാ ദിനത്തിന്റെ പ്രധാന ആഘോഷം ഈ സ്ഥലത്താണ് നടത്തുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ദശകങ്ങളായി ഗോത്രവർഗ സമൂഹങ്ങളുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം നൽകിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഭഗവാൻ ബിർസ മുണ്ടയുടെ മഹത്തായ സ്മാരകം നിർമ്മിച്ചതും ഏതാനും ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഡിൽ ഷഹീദ് വീർ നാരായൺ സിംഗ് ട്രൈബൽ മ്യൂസിയം ഉദ്ഘാടനം ചെയ്തതും തന്റെ ഗവണ്മെന്റാണെന്ന് എടുത്തുപറഞ്ഞു. രാജ്യത്തുടനീളം ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ മഹാരാജ സുഹേൽദേവിന്റെ സ്മാരകം നിർമ്മിച്ചത് തങ്ങളുടെ ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിഷാദരാജും ശ്രീരാമനും കണ്ടുമുട്ടിയ സ്ഥലത്തിന് ഒടുവിൽ അർഹമായ ആദരവ് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാ മഹേന്ദ്ര പ്രതാപ് സിംഗ് മുതൽ ചൗരി ചൗരയിലെ രക്തസാക്ഷികൾ വരെ, ഭാരതാംബയുടെ പുത്രന്മാരുടെ സംഭാവനകളെ പൂർണ്ണമായ ആദരവോടെയും വിനയത്തോടെയും തന്റെ ഗവണ്മെന്റ് സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.

കുടുംബവാഴ്ചാ രാഷ്ട്രീയം അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്നും അത് വ്യക്തമായൊരു സ്വഭാവം പുലർത്തുന്നുണ്ടെന്നും അടിവരയിട്ട പ്രധാനമന്ത്രി, സ്വന്തം കുടുംബത്തെ വലുതാക്കി കാണിക്കാനും സ്വാധീനം നിലനിർത്താനും മറ്റ് നേതാക്കളെ ചെറുതാക്കി കാണിക്കാനും ഇത്തരം നേതാക്കൾ നിർബന്ധിതരാകുന്നുവെന്ന് പറഞ്ഞു. ഈ മനോഭാവമാണ് ഇന്ത്യയിൽ രാഷ്ട്രീയ തൊട്ടുകൂടായ്മ കൊണ്ടുവന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ നിരവധി പ്രധാനമന്ത്രിമാർ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഡൽഹിയിലെ മ്യൂസിയം പലരെയും അവഗണിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ഗവൺമെന്റാണ് ഈ സാഹചര്യം തിരുത്തിയതെന്നും, ഇന്ന് ഡൽഹി സന്ദർശിക്കുന്നവരെ സ്വീകരിക്കുന്നത് സ്വതന്ത്ര ഇന്ത്യയിലെ ഓരോ പ്രധാനമന്ത്രിയെയും ആദരിക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ’മാണെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലം മാത്രം അധികാരത്തിലിരുന്നവർക്ക് പോലും അവിടെ അർഹമായ സ്ഥാനവും ബഹുമാനവും നൽകിയിട്ടുണ്ട്.

പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും എല്ലായ്പ്പോഴും തങ്ങളുടെ പാർട്ടിയെ രാഷ്ട്രീയമായി തൊട്ടുകൂടാത്തവരായി മാറ്റിനിർത്തിയിരുന്നുവെന്നും എന്നാൽ എല്ലാവരെയും ബഹുമാനിക്കാനാണ് തന്റെ പാർട്ടിയുടെ മൂല്യങ്ങൾ പഠിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തെ ഭരണത്തിനിടയിൽ ശ്രീ നരസിംഹ റാവു ജിക്കും ശ്രീ പ്രണബ് മുഖർജി ജിക്കും ഭാരതരത്ന നൽകി ആദരിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. ശ്രീ മുലായം സിംഗ് യാദവ് ജി, ശ്രീ തരുൺ ഗൊഗോയ് ജി തുടങ്ങിയ നേതാക്കളെ ദേശീയ പുരസ്കാരങ്ങൾ നൽകി ആദരിച്ചതും തന്റെ ഗവണ്മെന്റാണ്. പ്രതിപക്ഷത്തിൽ നിന്നും അവരുടെ സഖ്യകക്ഷികളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത ഒന്നായിരുന്നു അത്. അവരുടെ ഭരണത്തിൻ കീഴിൽ മറ്റ് പാർട്ടികളിലെ നേതാക്കൾ അവഹേളനങ്ങൾ മാത്രമേ നേരിട്ടിട്ടുള്ളൂ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഉത്തർപ്രദേശിന് വ്യക്തമായൊരു സ്വത്വം രൂപപ്പെടുത്തിയെടുക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റികളുടെ പ്രവർത്തനങ്ങൾ സഹായിച്ചുവെന്ന് അദ്ദേഹം അടിവരയിട്ടു. സംസ്ഥാനത്തെ കഠിനാധ്വാനികളായ ജനങ്ങൾ ഒരു പുതിയ ഭാവി രചിക്കുകയാണെന്ന് പപറയുമ്പോൾ ഉത്തർപ്രദേശിൽ നിന്നുള്ള പാർലമെന്റ് അംഗം എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് മോശമായ ക്രമസമാധാന നിലയുടെ പേരിലാണ് ഉത്തർപ്രദേശ് ചർച്ച ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് അത് വികസനത്തിന്റെ പേരിൽ അറിയപ്പെടുന്നു. അയോധ്യയിലെ മഹത്തായ രാമക്ഷേത്രവും കാശി വിശ്വനാഥ് ധാമും ലോകത്തിന് മുന്നിൽ സംസ്ഥാനത്തിന്റെ പുതിയ അടയാളങ്ങളായി മാറിയതോടെ ഉത്തർപ്രദേശ് രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ അതിവേഗം ഉയർന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ പോലുള്ള ആധുനിക നിർമ്മാണങ്ങൾ ഉത്തർപ്രദേശിന്റെ ഈ പുതിയ പ്രതിച്ഛായയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

സദ്ഭരണം, സമൃദ്ധി, യഥാർത്ഥ സാമൂഹിക നീതി എന്നിവയുടെ മാതൃകയായി ഉത്തർപ്രദേശ് കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. ‘രാഷ്ട്ര പ്രേരണാ സ്ഥലിന്റെ’ പേരിൽ ജനങ്ങൾക്ക് അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചു. 

ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശ്രീ രാജ്‌നാഥ് സിംഗ്, ശ്രീ പങ്കജ് ചൗധരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

സ്വതന്ത്ര ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ പൈതൃകത്തെ ആദരിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യപരവും രാഷ്ട്രീയവും വികസനപരവുമായ യാത്രയിൽ അഗാധമായ സ്വാധീനം ചെലുത്തിയ, രാജ്യം ഏറെ ആദരിക്കുന്ന ഒരു രാഷ്ട്രതന്ത്രജ്ഞന്റെ ജീവിതത്തിനും ആദർശങ്ങൾക്കും പൈതൃകത്തിനുമുള്ള ആദരവായി ഈ കേന്ദ്രം നിലകൊള്ളും.

ദേശീയ പ്രാധാന്യമുള്ള ഒരു സുപ്രധാന സ്മാരകമായും പ്രചോദന സമുച്ചയമായും ആണ് രാഷ്ട്ര പ്രേരണാ സ്ഥൽ വികസിപ്പിച്ചിരിക്കുന്നത്. ഏകദേശം 230 കോടി രൂപ ചെലവിൽ 65 ഏക്കറിലധികം വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ സമുച്ചയം നേതൃപാടവം, രാഷ്ട്രസേവനം, സാംസ്കാരിക അവബോധം, പൊതുജന പ്രചോദനം എന്നിവ വളർത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സ്ഥായിയായ ദേശീയ സമ്പത്തായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ രാഷ്ട്രീയ ചിന്തയ്ക്കും രാഷ്ട്രനിർമ്മാണത്തിനും പൊതുജീവിതത്തിനും നൽകിയ മഹത്തായ സംഭാവനകളെ പ്രതീകവൽക്കരിച്ചുകൊണ്ട് ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ, മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകൾ ഈ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 98,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന താമരയുടെ ആകൃതിയിലുള്ള അത്യാധുനിക മ്യൂസിയവും ഇവിടെയുണ്ട്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഇന്ത്യയുടെ ദേശീയ പ്രയാണത്തെയും ഈ ദീർഘദർശികളായ നേതാക്കളുടെ സംഭാവനകളെയും മ്യൂസിയം പ്രദർശിപ്പിക്കുന്നു, ഇത് സന്ദർശകർക്ക് ആകർഷകവും വിദ്യാഭ്യാസപരവുമായ അനുഭവം നൽകുന്നു.

നിസ്വാർത്ഥമായ നേതൃത്വത്തിന്റെയും സദ്ഭരണത്തിന്റെയും ആദർശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് രാഷ്ട്ര പ്രേരണാ സ്ഥലത്തിന്റെ ഉദ്ഘാടനം. ഇത് വർത്തമാനകാലത്തെയും ഭാവിയിലെയും തലമുറകൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറുമെന്നാണ് പ്രതീക്ഷ.

-SK-