Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏകദേശം 21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവ്വഹിക്കും


2026 നവംബർ 3-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഏകദേശം 21,800 കോടി രൂപയുടെ പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

8,300 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച, ‘പിങ്ക് ലൈൻ’ എന്നറിയപ്പെടുന്ന പുണെ മെട്രോ ലൈൻ 3 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ആധുനിക ഗതാഗത പരിഹാരങ്ങളിലൂടെയും പുണെയുടെ നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഈ പദ്ധതി.

ഏകദേശം 23 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈൻ, മാൻ (Maan) മുതൽ ഡിസ്ട്രിക്ട് കോർട്ട് മെട്രോ സ്റ്റേഷൻ വരെ ബന്ധിപ്പിക്കുന്നു. ഹിഞ്ചെവാടി ഐ.ടി ഹബ്ബിനും ശിവജിനഗറിനുമിടയിൽ മെട്രോ ഗതാഗത സൗകര്യം ഒരുക്കുന്ന ഈ പാത, പുണെയിലെ പ്രധാന തൊഴിൽ കേന്ദ്രങ്ങളിലൊന്നിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ആയിരക്കണക്കിന് ഐ.ടി പ്രൊഫഷണലുകളുടെയും മറ്റ് യാത്രക്കാരുടെയും ദിനംപ്രതിയുള്ള യാത്ര സുഗമമാക്കുകയും ചെയ്യും. നിലവിലുള്ള മെട്രോ ശൃംഖലയുമായി സംയോജിപ്പിക്കുന്ന ഈ പാത പുണെയുടെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം പ്രദാനം ചെയ്യുന്നു. ഇത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്കും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണവും ലഘൂകരിക്കുന്നതിനും പ്രധാന വാണിജ്യ, ജനവാസ  മേഖലകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും സഹായിക്കും.

പിങ്ക് ലൈനിന്റെ ഒരു പ്രധാന സവിശേഷത, വനിതാ ശാക്തീകരണത്തിനും ലിംഗസമത്വത്തിലധിഷ്ഠിതമായ പൊതുഗതാഗതത്തിനും നൽകുന്ന ഊന്നലാണ്. ഈ ലൈൻ പൂർണ്ണമായും വനിതാ ട്രെയിൻ ഓപ്പറേറ്റർമാരായിരിക്കും പ്രവർത്തിപ്പിക്കുക, ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. ഈ പദ്ധതി പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്നു; ഇതിന് ആവശ്യമായ ആകെയുള്ള വൈദ്യുത ആവശ്യകതയുടെ ഏകദേശം 30% സോളാർ ഊർജ്ജത്തിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.

ഏകദേശം 13,500 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന പൂനെ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പൂനെ മെട്രോ ലൈനുകളായ 2A, 2B, 4, 4A എന്നിവ ഉൾപ്പെടുന്ന രണ്ടാം ഘട്ടം, നഗരത്തിലെ മെട്രോ ശൃംഖല ഗണ്യമായി വികസിപ്പിക്കുകയും പ്രധാന റസിഡൻഷ്യൽ, കമേഴ്‌സ്യൽ, ഐടി ഹബ്ബുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യും.

രണ്ടാം ഘട്ടത്തിൽ, ലൈനുകൾ 2A, 2B എന്നിവയ്ക്ക് മൊത്തം 12.75 കിലോമീറ്റർ നീളമുണ്ടാകും. ലൈൻ 2A വനാസിനെ ചാന്ദ്‌നി ചൗക്കുമായും, ലൈൻ 2B റാംവാഡിയെ വിത്തൽവാഡിയുമായും ബന്ധിപ്പിച്ച് നിലവിലുള്ള ഈസ്റ്റ്-വെസ്റ്റ് (കിഴക്ക്-പടിഞ്ഞാറ്) മെട്രോ ശൃംഖലയെ വ്യാപിപ്പിക്കും. ഏകദേശം 25.52 കിലോമീറ്റർ നീളമുള്ള ലൈൻ 4 ഖരാഡിയെ ഖഡക്വാസ്‌ലയുമായി ബന്ധിപ്പിക്കും. 6.12 കിലോമീറ്റർ നീളമുള്ള ലൈൻ 4A നൾ സ്റ്റോപ്പിനെ മണിക് ബാഗുമായി ബന്ധിപ്പിക്കും.

പുതിയ മെട്രോ ഇടനാഴികൾ ഖരാഡി, മഗർപട്ട, ഹഡപ്സർ, സ്വർഗേറ്റ്, മണിക് ബാഗ്, നാന്ദേഡ് സിറ്റി, പൂനെ കന്റോൺമെന്റ്, വാര്ജെ തുടങ്ങി നിരവധി പ്രധാന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. റാംവാഡിയിൽ നിന്ന് വിത്തൽവാഡിയിലേക്കുള്ള കിഴക്കൻ വികസനം ഖരാഡിയിലെയും വാഘോളിയിലെയും വേഗത്തിൽ വളരുന്ന റസിഡൻഷ്യൽ, കമേഴ്‌സ്യൽ, ഐടി ഹബ്ബുകളിലേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തും. ഈ ഇടനാഴികൾ സ്വർഗേറ്റ്, നൾ സ്റ്റോപ്പ്, ഖരാഡി ബൈപാസ് എന്നീ ഇന്റർചേഞ്ച് സൗകര്യങ്ങൾ വഴി ഇന്റർസിറ്റി ബസ് സർവീസുകളുമായും നിലവിലുള്ള പൂനെ മെട്രോ ശൃംഖലയുമായും സംയോജിപ്പിച്ച്, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കും.

ഈ പദ്ധതികൾ പൂനെയുടെ പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും നഗരത്തിലുടനീളമുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയും യാത്രികർക്ക് കാര്യക്ഷമവും സംയോജിതവുമായ ഒരു നഗര ഗതാഗത ശൃംഖല പ്രദാനം ചെയ്യുകയും ചെയ്യും.

-SK-