പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം നെതര്ലന്ഡുമായി ജലവിഭവ മാനേജ്മെന്റിനുള്ള ധാരണാപത്രത്തിന് അംഗീകാരം നല്കി. കേന്ദ്ര ഗവണ്മെന്റിന്റെ ജലവിഭവ-നദി വികസന-ഗംഗാ പുനരുജീജവന മന്ത്രാലയവും നെതര്ലന്ഡിന്റെ അടിസ്ഥാനസൗകര്യവികസന-പരിസ്ഥിതി മന്ത്രാലയവും തമ്മിലാണ് പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിടുന്നത്.
രണ്ടു രാജ്യങ്ങളും ദേശീയ, പ്രാദേശിക, അന്തര്ദ്ദേശീയ തലങ്ങളില് ജലവിഭവ പരിപാലനത്തിനും വികസനത്തിനുമുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് വേണ്ട പ്രവര്ത്തനം നടത്തണമെന്നതാണ് ധാരണാപത്രം വിവക്ഷിക്കുന്നത്. യോജിച്ചുള്ള പ്രവര്ത്തനത്തിലൂടെയും ഈ മേഖലയിലുള്ള അറിവുകളും പരിചയങ്ങളും പരസ്പരം പങ്കുവച്ചും ഇത് മുന്നോട്ടുകൊണ്ടുപോകണം. ജലവിഭവത്തിന്റെ കാര്യക്ഷമമായ വിനിയോഗം, നദീതട പരിപാലനം, സഹായക സംവിധാനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്, അഴിമുഖ പരിപാലനം, ജല ശുചിത്വ പ്രശ്നങ്ങളും മലിനജലത്തിന്റെ പുനര്ചംക്രമണവും പുനരുപയോഗവും ഉള്പ്പെടെ പരസ്പരം അംഗീകരിച്ചിട്ടുള്ള വിഷയങ്ങളില് നൂതനവും അനുവദനീയവുമായ സംവിധാനങ്ങള് പരസ്പരം പങ്കുവയ്ക്കുകയോ, യോജിച്ച് പ്രവര്ത്തിക്കുകയോ ചെയ്യുക, ഒപ്പുവച്ച രാജ്യങ്ങള് തമ്മിലുള്ള പരസ്പര സന്ദര്ശനം, യോഗങ്ങള്, സമ്മേളനങ്ങള് എന്നിവയിലൂടെ അറിവുകളുടെയും വിഗ്ദ്ധരുടെയും കൈമാറ്റം, അതോടൊപ്പം പരിശീലനം, പരിപാടികള്, പരിശീലന ഗ്രൂപ്പുകളുടെ കൈമാറ്റം അക്കാദമികവും ഗവേഷണപരവുമായ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്ന മറ്റ് പ്രവര്ത്തനങ്ങള്, പരസ്പര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും യോജിച്ചുള്ള പദ്ധതികള് ആവിഷ്ക്കരിക്കുകയും ചെയ്യുക, പൊതുസ്വകാര്യ പങ്കാളിത്തം വര്ദ്ധിപ്പിക്കുക എന്നിവയോടൊപ്പം പരസ്പര ഗവേഷണങ്ങളും ശേഷിനിര്മ്മാണവും കൂടുതല് മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കുകയാണ് ധാരണാപത്രം ലക്ഷ്യമാക്കുന്നത്. ധാരണാപത്രത്തിന്റെ പ്രവര്ത്തനത്തനം നിരീക്ഷിക്കുന്നതിന് ഒരു സംയുക്ത പ്രവര്ത്തക ഗ്രൂപ്പ് രൂപീകരിക്കും.
ഈ പരസ്പര സഹകരണത്തിലൂടെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ജലവിഭവം പ്രത്യേകിച്ച് നദീതട പരിപാലനം, നദികളിലെ പ്രത്യേകിച്ച് ഗംഗയിലെ മലിനീകരണം കുറയ്ക്കുക, വെള്ളപ്പൊക്ക മാനേജ്മെന്റ്, ജലത്തിന്റെ ഗുണനിലവാരം, ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം തുടങ്ങി വിവിധ മേഖലകളില് സ്ഥാപനപരവും സാങ്കേതികവുമായ ശേഷി വര്ദ്ധിപ്പിക്കും. ഇത് രാജ്യത്തിന് വളരെ ഗുണകരമാകും.