പിഎം ഇന്ത്യ
രാജ്യത്ത് ജൂലൈ 1 മുതല്‍ നടപ്പിലാക്കേണ്ട ചരക്ക് സേവന നികുതി (ജി.എസ്.റ്റി) യുടെ തല്‍സ്ഥിതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അവലോകനം ചെയ്തു.
രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന യോഗത്തില്‍ ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജയ്റ്റിലി, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജി.എസ്.റ്റി. നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവര സാങ്കേതികവിദ്യ, മനുഷ്യ വിഭവശേഷി എന്നീ മേഖലകളിലെ മുന്നൊരുക്കങ്ങള്‍, ഉദ്യോഗസ്ഥരുടെ പരിശീലനം, സംശയ നിവാരണ സംവിധാനം, നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രി പ്രത്യേകമായി അവലോകനം ചെയ്തു. നിശ്ചിത തീയതിയായ ജൂലൈ 1 ന് മുമ്പ് ഐ.റ്റി. അടിസ്ഥാന സൗകര്യങ്ങള്‍ ഉദ്യോഗസ്ഥരുടെ പരിശീലനം ബാങ്കുകളുമായുള്ള സംയോജനം, നിലവിലുള്ള നികുതിദായകരുടെ പേര് ചേര്‍ക്കല്‍ തുടങ്ങിയവയെല്ലാം സമയബന്ധിതമായി തന്നെ പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സംവിധാനങ്ങളും ചര്‍ച്ച ചെയ്തു.
ജി.എസ്.റ്റിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ ഉത്തരം ലഭിക്കാന്‍ @askGst_GOI എന്ന ട്വിറ്റര്‍ ഹാന്റില്‍ ആരംഭിച്ചിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ 1800-1200-232 ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പരും ഇതിലേയ്ക്കായി പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ കക്ഷികള്‍ വ്യാപാര വ്യവസായ സംഘടനകള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും ഒത്തു ചേര്‍ന്നുള്ള യത്‌നങ്ങളുടെ പരിപൂര്‍ണ്ണതയാണ് ജൂലൈ 1 മുതലുള്ള ജി.എസ്.റ്റി നടപ്പിലാക്കലെന്ന് പ്രധാനമന്ത്രി ഊന്നിപറഞ്ഞു. ചരിത്രത്തില്‍ സമ്പദ്ഘടനയ്ക്ക് ഇദപര്യന്തം ഉണ്ടായിട്ടില്ലാത്ത വഴിതിരിവാണ് ജി.എസ്.റ്റി എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു രാഷ്ട്രം, ഒരു വിപണം, ഒരു നികുതി എന്ന സംവിധാനം സാധാരണക്കാരന് ഏറെ ഗുണകരമായിരിക്കും. ജി.എസ്.റ്റിയുമായി ബന്ധപ്പെട്ട ഐ.റ്റി സംവിധാനങ്ങളുടെ സൈബര്‍ സുരക്ഷയ്ക്ക് പരമാവധി ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.