പിഎം ഇന്ത്യ

ന്യൂഡെല്‍ഹിയിലെ ലോക കല്യാണ്‍ മാര്‍ഗില്‍വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 140ലേറെ കരിമ്പുകര്‍ഷകരുമായി സംവദിച്ചു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷരാണെത്തിയത്.
വിജ്ഞാപനം ചെയ്ത വിളകള്‍ക്കു 2018-19ലെ ഖാരിഫ് കാലത്ത് കൃഷിച്ചെലവിന്റെ 150% തറവില നടപ്പാക്കുന്നതിന് അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതു കര്‍ഷകരുടെ വരുമാനം ഗണ്യമായി വര്‍ധിക്കുന്നതിനു സഹായകമാകും.
രണ്ടാഴ്ചയ്ക്കകം 2018-19 കരിമ്പു സീസണിലേക്കുള്ള കരിമ്പിന്റെ ന്യായവിലയും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2017-18ലേതിനെക്കാളും ഉയര്‍ന്ന തുക നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കരിമ്പു കര്‍ഷകര്‍ക്കു കിട്ടാനുള്ള തുക ലഭ്യമാക്കുന്നതിനു കൈക്കൊണ്ട വിവിധ തീരുമാനങ്ങള്‍ പ്രധാനമന്ത്രി കര്‍ഷകരെ ബോധിപ്പിച്ചു. പുതിയ നയപരിപാടികളുടെ ഭാഗമായി കഴിഞ്ഞ ഏഴു മുതല്‍ പത്തു വരെ ദിവസങ്ങള്‍ക്കം മാത്രം കര്‍ഷകര്‍ക്കു കിട്ടാനുള്ള 4,000 കോടിയിലേറെ രൂപ ലഭിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കു കിട്ടാനുള്ള തുക ലഭ്യമാക്കുന്നതിനു നടപടി കൈക്കൊള്ളണമെന്നു സംസ്ഥാന ഗവണ്‍മെന്റുകളോടു നിര്‍ദേശിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു.
സ്പ്രിങ്ക്‌ളറും തുള്ളിനനയും നൂതന കാര്‍ഷിക സാങ്കേതിക വിദ്യകളും സൗരോര്‍ജ പമ്പുകളും ഉപയോഗപ്പെടുത്താന്‍ അദ്ദേഹം കര്‍ഷകരോടു നിര്‍ദേശിച്ചു. ഊര്‍ജ സ്രോതസ്സെന്ന നിലയിലും കൂടുതല്‍ വരുമാനം എന്ന ലക്ഷ്യത്തോടുകൂടിയും കൃഷിയിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വിളകളുടെ മൂല്യവര്‍ധനയ്ക്ക് ഊന്നല്‍ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൃഷിയില്‍നിന്നുണ്ടാകുന്ന മാലിന്യം വിവേകപൂര്‍ണം ഉപയോഗപ്പെടുത്തണമെന്നും അധിക വരുമാനം നേടാവുന്ന പോഷക സ്രോതസ്സായി അത് ഉപയോഗപ്പെടുത്തണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 2022 ആകുമ്പോഴേക്കും രാസവളങ്ങളുടെ ഉപയോഗത്തില്‍ 10% കുറവു വരുത്താന്‍ കര്‍ഷകരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അടുത്തിടെ കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു കര്‍ഷകരോടു വിശദീകരിച്ച ശ്രീ. നരേന്ദ്ര മോദി, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി മൂല്യവര്‍ധനയ്ക്കും സംഭരണത്തിനും മെച്ചപ്പെട്ട വിത്ത് ഉല്‍പാദിപ്പിക്കുന്നതിനും വിപണിയുമായി ബന്ധപ്പെടുത്തുന്നതിനും ആയിരുന്നു ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കിയതെന്നു വ്യക്തമാക്കി.
21,000 കോടി രൂപയോളം കിട്ടാനുണ്ടായിരുന്ന കരിമ്പുകര്‍ഷകരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കുന്നതിനായി 2014-15ലും 2015-16ലും കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ ഇടപെടലുകള്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ തുക പഞ്ചസാര മില്ലുകള്‍ വഴി കര്‍ഷകര്‍ക്കു വിതരണം ചെയ്തുവെന്ന് ഉറപ്പുവരുത്തിയിരുന്നു.
പഞ്ചസാരയുടെ ഇറക്കുമതിച്ചുങ്കം 50 ശതമാനത്തില്‍നിന്ന് 100 ശതമാനം ആക്കിയതിനും മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ക്വിന്റലിന് 5.50 രൂപയെന്ന ക്രമത്തില്‍ കര്‍ഷകര്‍ക്കു നല്‍കുന്നതിനായി 1540 കോടി രൂപ വ്യവസ്ഥ ചെയ്തതിനും പ്രധാനമന്ത്രിയോടു കര്‍ഷകര്‍ നന്ദി അറിയിച്ചു. കര്‍ഷകര്‍ക്കു പണം നല്‍കാനായി, മില്ലുകളില്‍ സംഭരിക്കപ്പെട്ട 30 ലക്ഷം മെട്രിക് ടണ്‍ കരിമ്പിന് 1175 കോടി രൂപയുടെ പലിശയിളവു നല്‍കിയ കേന്ദ്ര ഗവണ്‍മെന്റ് നടപടിയെ അവര്‍ ശ്ലാഘിച്ചു.
പഞ്ചസാര വ്യവസായരംഗത്തു സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ദീര്‍ഘകാല പരിഹാരമെന്ന നിലയില്‍ പെട്രോളില്‍ 10 ശതമാനം എഥനോള്‍ ചേര്‍ക്കുകയെന്ന ഗവണ്‍മെന്റിന്റെ സമീപനം പ്രധാനമന്ത്രി വിശദീകരിച്ചു.
***