Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ അനൗദ്യോഗിക യോഗം വിളിച്ചു.

പ്രധാനമന്ത്രി കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ അനൗദ്യോഗിക യോഗം വിളിച്ചു.


കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥരായ വകുപ്പു സെക്രട്ടറിമാരുടെ അനൗദ്യോഗിക യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിളിച്ചുചേര്‍ത്തു.

പോയ നൂറ്റാണ്ടുകളിലെ ഭരണരീതികള്‍ വിട്ടുയരാന്‍ തയ്യാറാകണമെന്നു ഗൗരവപൂര്‍വം ആവശ്യപ്പെട്ട പ്രധാനമന്ത്രി, മനുഷ്യരാശിയുടെ ആറിലൊന്നു പേരുടെ ജീവിതം മാറ്റിമറിക്കാന്‍ കേന്ദ്ര സെക്രട്ടറിമാര്‍ക്കു സാധിക്കുമെന്നു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും വ്യക്തമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വികസനത്തിനായി മന്ത്രാലയങ്ങളുടെ പരിമിതികള്‍ മറികടന്നു പ്രവര്‍ത്തിക്കാന്‍ സെക്രട്ടറിമാരോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള ജന്‍ധന്‍ യോജന, സാര്‍വദേശീയ പ്രതിരോധ കുത്തിവെപ്പിനുള്ള ഇന്ദ്രധനുഷ് ദൗത്യം തുടങ്ങിയവ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, മൊത്തം ഗവണ്‍മെന്റ് സംവിധാനവും സംഘടിച്ച് ഒരുമയോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണു കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായ ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ചിലതു പ്രാവര്‍ത്തികമായതെന്നു വ്യക്തമാക്കി. ഫലകാംക്ഷയോടെ വേണം സ്ഥാപനങ്ങള്‍ക്കൂ രൂപം നല്‍കാനെന്ന് അദ്ദേഹം പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ചു പരാമര്‍ശിക്കവേ, ഇതിനായി ഭരണതലത്തില്‍നിന്നു പിന്തുണ ലഭിച്ചതു ജനപിന്തുണ വ്യക്തമായതോടെയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജൂലൈ ഒന്നിനു ജി.എസ്.ടി. നടപ്പാക്കുന്നതു രാജ്യത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ മാറ്റം സുഗമമാക്കുന്നതിനായി സ്വമേധയാ തയ്യാറെടുക്കണമെന്നു സെക്രട്ടറിമാരോടു പ്രധാനമന്ത്രി പറഞ്ഞു.

ലോകം മറ്റൊരു വീക്ഷണകോണിലൂടെയാണ് ഇന്ത്യയെ ഇപ്പോള്‍ നിരീക്ഷിക്കുന്നതെന്നും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത സവിശേഷ അവസരമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആഗോള പ്രതീക്ഷകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സംവിധാനം നമുക്ക് ഒരുക്കാമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 100 ജില്ലകളെ ഉദ്ധരിക്കാനായി ദൗത്യമാതൃകയിലുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഈ ജില്ലകള്‍ക്കായി വിവിധ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഹ്രസ്വകാലയളവിലുള്ള ലക്ഷ്യങ്ങള്‍ തീരുമാനിച്ച് അവ യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിമാരായ ശ്രീ. രാജ്‌നാഥ് സിങ്, ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി, ശ്രീമതി സുഷമ സ്വരാജ്, ശ്രീ. നിതിന്‍ ഗഡ്കരി എന്നിവരും സെക്രട്ടറിമാരെ അഭിസംബോധന ചെയ്തു.

നേരത്തേ, ഭരണത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പറഞ്ഞിരുന്നു.