Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2015 ഡിസംബര്‍ 27-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.


എന്റെ പ്രിയപ്പെട്ട ദേശവാസികളേ…… എല്ലാവര്‍ക്കും നമസ്‌ക്കാരം.
ഇത് 2015 ലെ അവസാനത്തെ മന്‍ കി ബാത്ത് ആണ്. അടുത്ത മന്‍ കി ബാത്ത് 2016 ല്‍ ആയിരിക്കും. ഇപ്പോള്‍ നാം ക്രിസ്മസ് ആഘോഷിച്ചതേയുള്ളൂ. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍, സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്കും കുറവില്ല. ഒന്നിനു പുറകെ ഒന്നായി ഉത്സവങ്ങള്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഉത്സവം മറ്റൊന്നിന്റെ സൂചന തന്നുകൊണ്ടാണ് മറഞ്ഞു പോകുന്നത്. പലപ്പോഴും തോന്നാറുണ്ട് ഭാരതം ഉത്സവങ്ങളിലൂടെ സാമ്പത്തിക ഭദ്രത നേടുന്ന നാടാണെന്ന്. സമൂഹത്തിലെ ദരിദ്രര്‍ക്ക് സാമ്പത്തിക ഭദ്രതയ്ക്കുള്ള അവസരമായി ഉത്സവങ്ങള്‍ മാറാറുണ്ട്. ഏവര്‍ക്കും എന്റെ ക്രിസ്മസ്സ്- നവവത്സര ആശംസകള്‍. രണ്ടായിരത്തി പതിനാറ് എല്ലാവര്‍ക്കും ആഹ്‌ളാദത്തിന്റെ പെരുമഴയാകട്ടെ. പുതിയ പ്രതീക്ഷകളും പുതിയ തീരുമാനങ്ങളും നിങ്ങളെ ഉന്നതങ്ങളിലെത്തിക്കട്ടെ. ലോകം ഭീകരവാദത്തില്‍ നിന്നും ആഗോള താപനത്തില്‍ നിന്നും പ്രകൃതി ദുരന്തത്തില്‍ നിന്നും മോചിപ്പിക്കപ്പെടട്ടെ. മനുഷ്യന്‍ സുഖ ജീവിതം നയിക്കുന്നതിനപ്പുറം നമുക്ക് സന്തോഷിക്കാന്‍ എന്തുണ്ട്?

ഞാന്‍ ടെക്‌നോളജി നന്നായി പ്രയോഗിക്കാറുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ? അതിലൂടെ എനിക്ക് ധാരാളം അറിവും ലഭിക്കാറുണ്ട്. my gov. എന്ന പോര്‍ട്ടല്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പൂനെയിലെ ശ്രീ. ഗണേഷ് വി. സാവലേഷ് വാര്‍ക്കര്‍ ഈ സീസണ്‍ ടൂറിസ്റ്റ് സീസണ്‍ ആണെന്ന് എനിക്കെഴുതി. ദേശീയരും വിദേശിയരുമായ ധാരാളം പേര്‍ വിനോദ സഞ്ചാരികളായി വരുന്നുണ്ട്. ജനങ്ങള്‍ ക്രിസ്മസ് അവധിയും ആഘോഷിക്കുന്നു. വിനോദ സഞ്ചാര മേഖലയില്‍ ധാരാളം സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറയുമ്പോഴും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ലക്ഷ്യ സ്ഥാനങ്ങളിലും ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്‌കേണ്ടതുണ്ടെന്ന്. നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എത്രത്തോളം വൃത്തിയായിരിക്കുമോ അത്രത്തോളം ഭാരതത്തിന്റെ അഭിമാനം ഉയരുമെന്ന ഗണേഷ്ജിയുടെ അഭിപ്രായത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാന്‍ നിങ്ങളില്‍ എത്തിക്കുകയും ചെയുന്നു. അതിഥിദേവോ ഭവ എന്നല്ലേ നാം പറയാറുള്ളത്. അതിഥി വരുമ്പോള്‍ നാം വീട് എത്രമാത്രം വൃത്തിയായി അലങ്കരിച്ച് വയ്ക്കാറുണ്ട്. അതുപോലെ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ശുചിത്വത്തെ സംബന്ധിച്ചു വരുന്ന വാര്‍ത്തകള്‍ എനിക്ക് സന്തോഷം നല്കുന്നതാണ്. എന്റെ മാധ്യമ സുഹൃത്തുക്കളോട് ഇക്കാര്യത്തില്‍ ഞാന്‍ നന്ദിയുള്ളവനാണ്. കാരണം ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കണ്ടെത്തി അവര്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നു. ഞാന്‍ ഈയിടെ പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചു. അത് ജനങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മധ്യപ്രദേശിലെ സീഹോര്‍ ജില്ലയിലെ ഭോജ്പുര ഗ്രാമത്തിലെ കല്‍പ്പണിക്കാരനാണ് ദിലീപ് സിംഗ്

മാളവ്യ. ഇപ്പോള്‍ അദ്ദേഹം സാധാരണ മേസ്തിരി പണികള്‍ ചെയ്തു ജീവിക്കുന്നു. അദ്ദേഹം ചെയ്ത വിശേഷപ്പെട്ട കാര്യങ്ങളാല്‍ പത്രത്തില്‍ അദ്ദേഹത്തെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടു. ഇതെന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നിങ്ങളെ അറിയിക്കണമെന്ന് എനിക്ക് തോന്നി. ഗ്രാമവാസിയായ ദിലീപ് സിംഗ് മാളവ്യ ഗ്രാമത്തില്‍ ആരെങ്കിലും ആവശ്യമായ സാധനസാമഗ്രികള്‍ എത്തിച്ചാല്‍ ശുചിമുറി നിര്‍മ്മിക്കാനുള്ള തൊഴില്‍ സൗജന്യമായി ചെയ്തു നല്കാമെന്ന് തീരുമാനിച്ചു. ഭോജ്പുര ഗ്രാമത്തില്‍ തന്റെ പരിശ്രമത്തിലൂടെ കൂലി വാങ്ങാതെ അദ്ദേഹം നൂറ് ശുചിമുറികള്‍ നിര്‍മ്മിച്ചു. ദിലീപ് സിംഗ് മാളവ്യയെ ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു. പലപ്പോഴും രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും നിരാശ ഉളവാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാറുണ്ട്. അതിനിടയിലും ദിലീപിനെ പോലെ കോടിക്കണക്കിന് ജനങ്ങള്‍ അവരുടേതായ രീതിയില്‍ എന്തെങ്കിലുമൊക്കെ നന്‍മകള്‍ ചെയ്യുന്നു ഇതാണ് ദേശത്തിന്റെ ശക്തി. ദേശത്തെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷയും ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ മന്‍ കി ബാതിലൂടെ ദീലിപ് സിംഗിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതില്‍ എനിക്ക് ആഹ്‌ളാദമുണ്ട്. നമ്മുടെ ദേശം അതിവേഗത്തില്‍ മുന്നേറുന്നതിന് പിന്നില്‍ അനേകം പേരുടെ അക്ഷീണ പരിശ്രമമുണ്ട്. തോളോടു തോള്‍ ചേര്‍ന്ന് 125 കോടി ജനങ്ങള്‍ മുന്നേറുന്നു. ദേശത്തെയും മുന്നോട്ട് നയിക്കുന്നു. വിദ്യാഭ്യാസത്തിനും തൊഴിലിനും നിത്യേന പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്‍ഷുറന്‍സ് സുരക്ഷയുടെ കാര്യത്തിലാകട്ടെ, ബാങ്കിംഗ് സേവനങ്ങളുടെ കാര്യത്തിലാകട്ടെ ഈ ഐക്യം നമ്മെ സഹായിക്കുന്നു. ബാങ്കിന്റെ പടിവാതില്‍ക്കല്‍ പോലും എത്താന്‍ കഴിയാത്ത സാധാരണ ജനങ്ങള്‍ ഇന്ന് മുദ്രായോജനയിലൂടെ നിഷ്പ്രയാസം വായ്പകള്‍ നേടുന്നു. ലോകം മുഴുവന്‍ യോഗയാല്‍ ആകര്‍ഷിക്കപ്പെടുകയും അന്തര്‍ദേശീയ യോഗാ ദിനം ആഘോഷിക്കുകയും ചെയ്തപ്പോള്‍ നമ്മള്‍ ഭാരതത്തിന്റെ ശക്തിയില്‍ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്തു. ഇതാണല്ലോ യഥാര്‍ത്ഥ ഭാരതമെന്ന് നാം അതിശയിച്ചു. ഭാരതത്തിന്റെ വിശാലത ദര്‍ശിക്കുമ്പോഴാണ് ഈ ഭാവന നമ്മുടെ മനസ്സിലുണരുന്നത്. പുരാണത്തിലെ യശോദ മാതാവിന്റെയും കൃഷ്ണന്റെയും സംഭവങ്ങള്‍ ആര്‍ക്ക് മറക്കാന്‍ കഴിയും. ഉണ്ണികൃഷ്ണന്‍ സ്വന്തം വായ്ക്കുള്ളില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ കാട്ടി കൊടുത്തപ്പോള്‍ യശോദ അവന്റെ ശക്തി തിരിച്ചറിഞ്ഞു. യോഗാ ദിനാചരണം ഭാരതത്തിന് അതേ ശക്തിയാണ് നല്‍കിയത്.
ശുചിത്വം എന്ന വാക്ക് ഇന്ന് വീടുകളില്‍ മുഴങ്ങി കേള്‍ക്കുന്നു. അതില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. സ്വാതന്ത്യം നേടി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി വൈദ്യുത തൂണുകള്‍ എത്തുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ആനന്ദം നിരന്തരം വൈദ്യുതിയിലൂടെ സുഖം അനുഭവിക്കുന്ന നഗരവാസികള്‍ക്ക് സങ്കല്പിക്കാന്‍ പോലും ആകില്ല. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും വൈദ്യുതി വകുപ്പുകള്‍ പണ്ടും ഇക്കാര്യം ചെയ്യുമായിരുന്നു. പക്ഷേ 1000 ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാനുള്ള തീരുമാനത്തിലൂടെ ഇന്ന് ഈ ഗ്രാമത്തിലാണെങ്കില്‍ നാളെ മറ്റൊരു ഗ്രാമത്തില്‍ വൈദ്യുതി എത്തി എന്നുള്ള വാര്‍ത്തകള്‍ ആഹ്‌ളാദിപ്പിക്കുന്നവയാണ്. ഇതുവരെ മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നു കണ്ടില്ല. പക്ഷേ വൈദ്യുതി എത്തിയതിലൂടെ ഗ്രാമീണര്‍ അനുഭവിക്കുന്ന ആഹ്‌ളാദവും ആവേശവും മാധ്യമങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം ഇതിനുവേണ്ടി പ്രയത്‌നിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍വൃതി ലഭിക്കുമെന്നുള്ളതാണ്. തങ്ങളുടെ പ്രയത്‌നത്തിലൂടെ ആ ഗ്രാമത്തിന് എന്തെങ്കിലും നല്‍കാന്‍ കഴിഞ്ഞു, അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞു എന്ന് അവര്‍ക്ക് അഭിമാനിക്കാന്‍ കഴിയും.
കര്‍ഷകരാകട്ടെ, ദരിദ്രരാകട്ടെ, യുവാക്കളാകട്ടെ, സ്ത്രീകളാകട്ടെ, അവര്‍ ഇത് അറിയേണ്ടതല്ലേ? ഏത് സര്‍ക്കാര്‍ എന്ത് ചെയ്തു, ഏത് സര്‍ക്കാര്‍ എന്ത് ചെയ്തില്ല എന്നല്ല അറിയേണ്ടത്. അറിയേണ്ടത് അതിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് അതിന്റെ അവകാശം കിട്ടിയോ ഇല്ലായോ എന്നതാണ്. സത്യസന്ധമായി ശരിയായ കാര്യങ്ങളും നല്ലകാര്യങ്ങളും എത്രത്തോളംപേര്‍ക്ക് എത്തിക്കാന്‍ കഴിയുമോ എത്തിക്കേണ്ടതാണ്. അതും ഒരു സേവന മാര്‍ഗം തന്നെയാണ്. ഞാനും എന്റേതായ വഴിയില്‍ അതിനുള്ള ചെറിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാം എനിക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ലല്ലോ. പക്ഷേ കുറച്ചൊക്കെ എനിക്കും ചെയ്യാനാകും. ഈ രാജ്യത്തെ ഓരോ സാധാരണ പൗരനും മൊബൈല്‍ ഫോണില്‍ ‘നരേന്ദ്ര മോദി ആപ്’ ഡൗണ്‍ലോഡ് ചെയ്ത് എന്നെ ബന്ധപ്പെടാനാകും. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ കൂടി നമുക്ക് പരസ്പരം പങ്കു വെയ്ക്കാം. എന്റെ ആഹ്‌ളാദം ജനങ്ങള്‍ ധാരാളം കാര്യങ്ങള്‍ എന്നോട് പറയുമെന്നുള്ളതാണ്. നിങ്ങളും നിങ്ങളുടെ രീതിയില്‍ പങ്കാളികളാകൂ. 125 കോടി ജനങ്ങളില്‍ ഇത് എത്തിക്കേണ്ടതില്ലേ. നിങ്ങളുടെ സഹായമില്ലാതെ ഇത് എനിക്കെങ്ങനെ സാധിക്കും. വരൂ, നമുക്ക് ഒന്നായി സാധാരണക്കാരുടെ ഗുണത്തിനുള്ള കാര്യങ്ങള്‍ അവരുടേതായ ഭാഷയില്‍ അവരിലേയ്‌ക്കെത്തിക്കാം.

എന്റെ പ്രിയപ്പെട്ട യുവാക്കളെ, ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് ചുവപ്പുകോട്ടയില്‍ വച്ച് സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച തുടങ്ങി വെച്ചല്ലോ. അതുകഴിഞ്ഞ് സര്‍ക്കാര്‍ വകുപ്പുകളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു. ഭാരതത്തിന് സ്റ്റാര്‍ട്ട് അപ് തലസ്ഥാനം ആകാന്‍ കഴിയുമോ? സംസ്ഥാനങ്ങള്‍ തമ്മില്‍ യുവജനങ്ങള്‍ക്ക് വലിയൊരു അവസരമൊരുക്കുന്ന വിധത്തില്‍ പുതിയ പുതിയ സ്റ്റാര്‍ട്ട് അപ്കളും പുതിയ പുതിയ കണ്ടുപിടിത്തങ്ങളും, അത് ഉല്‍പാദന മേഖലയിലാകട്ടെ, സേവന മേഖലയിലാകട്ടെ, കാര്‍ഷിക വൃത്തിയിലാകട്ടെ തുടങ്ങുവാന്‍ നമുക്ക് കഴിയുമോ എന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. ഓരോ കാര്യത്തിലും പുതിയ പുതിയ ചിന്താഗതി, പുതിയ രീതികള്‍ ഇതില്ലാതെ ലോകത്തിന് മുന്നേറാനാകില്ല. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ യുവജനങ്ങള്‍ക്ക് ഒരു വലിയ അവസരമാണ് തുറന്നു കൊടുക്കുന്നത്. എന്റെ യുവ സുഹൃത്തുക്കളെ, ജനുവരി 16 ന് ഭാരത സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്റ് അപ് ഇന്ത്യ പ്രവൃത്തി പഥത്തില്‍ എത്തിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുകയാണ്. അത് എങ്ങനെയാകും എന്താകും എന്തിനുവേണ്ടിയാകും എന്ന് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടും. ഇതില്‍ ദേശമൊട്ടുക്കുമുള്ള ഐ.ഐ.റ്റി., ഐ.ഐ.എം, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, എന്‍.ഐ.റ്റി എന്നിവിടങ്ങളിലുള്ള യുവജനങ്ങളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കും. സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെട്ട് നമുക്കിടയില്‍ പ്രബലമായ ഒരു ധാരണയുണ്ട്. ഡിജിറ്റല്‍ വേള്‍ഡ് ആകട്ടെ, ഐ..റ്റി. പ്രൊഫഷനാകട്ടെ ഈ സ്റ്റാര്‍ട്ട് അപ് അവര്‍ക്കുവേണ്ടിയുള്ളതെന്നാണ്, ഇതങ്ങനെ ആകരുത്. രാജ്യത്തിന്റെ ആവശ്യത്തിനായി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. തൊഴിലെടുക്കുന്ന ഒരു ദരിദ്രനായ വ്യക്തിയുടെ ശാരീരിക അധ്വാനത്തെ ലഘൂകരിക്കാന്‍ യുവാക്കള്‍ ഇന്നവേഷനിലൂടെ ഒരു കണ്ടെത്തല്‍ നടത്തിയാന്‍ അത് അവരുടെ കഠിനാദ്ധ്വാനത്തിന് സഹായകമാകും. ഇതിനെയും ഞാന്‍ സ്റ്റാര്‍ട്ട് അപ് ആയി കാണുന്നു. ഇങ്ങനെയുള്ള യുവാക്കളെ സഹായിക്കാനാണ് ഞാന്‍ ബാങ്കുകളോട് പറയുന്നത്. യുവാക്കളോടും ഞാന്‍ ധീരതയോട് മുന്നേറാന്‍ പറയാറുണ്ട്. വിപണി ലഭിക്കുക തന്നെ ചെയ്യും. അതുപോലെ നമ്മുടെ യുവാക്കളുടെ ബൗദ്ധിക സമ്പത്ത് കുറച്ച് നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കേണ്ടതാണോ? അങ്ങനെ ചിന്തിക്കുന്നെങ്കില്‍ അത് തെറ്റാണ്. ഭാരതത്തിന്റെ ഏതൊരു കോണിലുമുള്ള യുവാക്കള്‍ പ്രതിഭാശാലികളാണ് അവര്‍ക്ക് അവസരമാണ് നല്‍കേണ്ടത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ കുറച്ച് നഗരങ്ങളില്‍ മാത്രമായി ചുരുങ്ങാന്‍ പാടില്ല. ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലേയ്ക്കുമായി ഇത് വ്യാപിക്കണം. സംസ്ഥാന സര്‍ക്കാരുകളോടും ഇത് വ്യാപിപ്പിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ജനുവരി 16 ന് വ്യക്തതയോടെ ഇക്കാര്യം ഞാന്‍ നിങ്ങളോട് ചര്‍ച്ച ചെയ്യും. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ സ്വാഗതം ചെയ്യും.

എന്റെ പ്രിയപ്പെട്ട യുവാക്കളെ, ജനുവരി 12 സ്വാമി വിവേകാനന്ദന്റെ ജയന്തിയാണ്. സ്വാമി വിവേകാനന്ദനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന എന്നെപ്പോലുള്ള കോടിക്കണക്കിന് വ്യക്തികള്‍ ഇവിടെയുണ്ട്. 1995 മുതല്‍ സ്വാമി വിവേകാനന്ദ ജയന്തിയായ ജനുവരി 12, ദേശീയ യുവജനോത്സവമായി ആഘോഷിച്ചു വരുന്നു. ഈ വര്‍ഷം ജനുവരി 12 മുതല്‍ 16 വരെ ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഇത് ആഘോഷിക്കുന്നത്. ഇത്തവണ അവരുടെ പ്രമേയം ‘ഇന്ത്യ യുവത്വത്തിന്റെ വികസന നൈപുണ്യവും സഹവര്‍ത്തിത്വവും’ എന്നതാണ്. എനിക്ക് കിട്ടിയ അറിവ് വച്ച് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ഭാരതത്തിന്റെ മുക്കിലും മൂലയിലും നിന്നുമായി പതിനായിരം യുവാക്കള്‍ അതില്‍ പങ്കെടുക്കുമെന്നാണ്. ഒരു ലഘു ഭാരതം അവിടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നു – ഒരു യുവ ഭാരതം. ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വപ്നങ്ങളുടെ കുത്തൊഴുക്ക് കാണാന്‍ കഴിയും. തീരുമാനങ്ങളുടെ ശക്തി കാണാനാകും. ഈ യുവജനോത്സവത്തെക്കുറിച്ച് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എന്നോട് പങ്ക് വെയ്ക്കാമോ? പ്രത്യേകിച്ച് യുവാക്കളില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ നരേന്ദ്ര മോദി ആപിലൂടെ നേരിട്ട് ബന്ധപ്പെടുമെന്നാണ്. ഞാന്‍ നിങ്ങളുടെ മനസ്സറിഞ്ഞ് അത് ദേശീയ യുവജനോത്സവത്തില്‍ പ്രതിഫലിപ്പിക്കണമെന്ന് ഞാന്‍ ആഗ്രിക്കുന്നു. അതിനായി ഞാന്‍ സര്‍ക്കാരിന് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. സുഹൃത്തുകളെ, നരേന്ദ്ര മോദി ആപ്പിലൂടെ യുവജനോത്സവവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.
ഗുജറാത്തിലെ അഹമ്മദാബാദിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനാണ് ദിലീപ് ചൗഹാന്‍. അദ്ദേഹം തന്റെ സ്‌കൂളില്‍ അക്‌സ്സെസിബിള്‍ ഇന്ത്യ ഡേ ആഘോഷിച്ചു. അതിനുശേഷം ഫോണിലൂടെ അദ്ദേഹം തന്റെ ആശയങ്ങള്‍ വ്യക്തമാക്കി.

”സര്‍,

ഞങ്ങള്‍ സ്‌കൂളില്‍ അക്‌സ്സെസിബിള്‍ ഇന്ത്യ കാമ്പെയില്‍ ആഘോഷിച്ചു. ഞാന്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനാണ്. ഏകദേശം 2000 കുട്ടികളോട് ഭിന്നശേഷിയുള്ളവരെക്കുറിച്ച് സംസാരിച്ചു. ഭിന്നശേഷികളുള്ളവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്നും വിശദീകരിച്ചു. ആ കുട്ടികളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ഇതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട കുട്ടികള്‍ മുന്നോട്ടു വന്നു. ഇത് താങ്കള്‍ മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനഫലമാണെന്ന് ഞാന്‍ കരുതുന്നു”.

ദിലീപ് ജി, താങ്കള്‍ക്ക് ഒരായിരം നന്ദി. താങ്കള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണല്ലോ? അതുകൊണ്ടുതന്നെ താങ്കള്‍ക്കിത് മനസ്സിലാക്കാന്‍ കഴിയും. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നുകാണുമല്ലോ? പലപ്പോഴും സമൂഹത്തില്‍ ഇത്തരത്തിലുള്ളവരെ കാണുമ്പോള്‍ ഒരുപാട് ചിന്തകള്‍ നമ്മെ അലട്ടാറുണ്ട്. നമ്മുടെ ചിന്താഗതിക്കനുസരിച്ച് നമ്മള്‍ അവരോടുള്ള കാഴ്ചപ്പാട് വളര്‍ത്തിയെടുക്കും. ചിലര്‍ അപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവരാകാം, ചിലര്‍ ജന്മനാ പരിമിതിയുള്ളവരാകാം.

ഇത്തരക്കാര്‍ക്കായി ലോകത്തില്‍ പല പദപ്രയോഗങ്ങള്‍ നിലവിലുണ്ട്. ആ പദപ്രയോഗത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ച ചെയ്യാറുമുണ്ട്. അപ്പോഴൊക്കെ തോന്നാറുണ്ട്. ഏയ്, ഇത് ശരിയല്ല. ഇത് അവരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്ന വാക്കല്ലേ? അതുകൊണ്ടു തന്നെ എത്രയോ വാക്കുകള്‍ അവര്‍ക്കായി കണ്ടെയിത്തിരിക്കുന്നു. ചിലപ്പോള്‍ വികാലംഗര്‍, ചിലപ്പോള്‍ അംഗവൈകവല്യമുള്ളവര്‍, ചിലപ്പോള്‍ ഭിന്നശേഷിയുള്ളവര്‍ അങ്ങനെ എത്രയെത്ര വാക്കുകള്‍. ഓരോ വാക്കിലും അതിന്റേതായ മഹത്വം ഉണ്ടെന്നുള്ളത് ശരി തന്നെ. ഈ വര്‍ഷം ഭാരത സര്‍ക്കാര്‍ സുഗമ്യ ഭാരത് അഭിയാന്‍ ആരംഭിച്ചു. ആ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്‌നാട്ടിലെ ചില ജില്ലകളില്‍ പ്രത്യേകിച്ച് ചെന്നൈയിലുണ്ടായ ഭയാനകമായ വെള്ളപ്പൊക്കം കാരണം എനിക്കവിടെ പോകേണ്ടി വന്നു. അതിനാല്‍ സുഗമ്യ ഭാരത് അഭിയാനില്‍ എനിക്ക് പങ്കെടുക്കാനായില്ല. അതില്‍ പങ്കെടുത്തിരുന്നെങ്കില്‍ എന്റേതായ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുമായിരുന്നു. ദൈവം ചിലര്‍ക്കെങ്കിലും ശാരീരികമായി ചില കുറവുകള്‍ നല്‍കിയിട്ടുണ്ട്. അവരുടെ ഏതെങ്കിലും ഒരു അവയവം കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുന്നുണ്ട്, അവരെ നാം വികലാംഗരെന്ന് വിളിക്കുന്നു. പക്ഷെ അവരെ പരിചയപ്പെടുമ്പോഴാണ് നമുക്ക് അറിയാന്‍ കഴിയുന്നത്, ബാഹ്യമായി അവര്‍ക്ക് കുറവുകള്‍ ഉണ്ടെങ്കിലും ദൈവം അവര്‍ക്ക് സവിശേഷ ശക്തി നല്കിയിട്ടുണ്ടെന്നുള്ളത്. അവരുടെ ഉള്ളില്‍ വ്യത്യസ്തമായ ഒരു ശക്തി നിറച്ചിട്ടുണ്ട്. അത് കണ്ണുകള്‍ കൊണ്ട് കാണാനാകില്ല. അവരുടെ പ്രവൃത്തികള്‍ കാണുമ്പോള്‍ നാം തിരിച്ചറിയുന്നു. ഹോ! ഇതെങ്ങനെ ചെയ്യാന്‍ സാധിക്കുന്നു? അപ്പോഴാണ് എനിക്ക് തോന്നിയത്, ബാഹ്യമായി അംഗപരിമിതരായാലും അനുഭവത്തിലൂടെ അവര്‍ക്ക് സവിശേഷ ശക്തി ഉണ്ടെന്ന്. ആ തിരിച്ചറിവില്‍ നിന്നാണ് എനിക്ക് തോന്നിയത്, വികാലംഗരെന്ന പദത്തിനു പകരം ദിവ്യാംഗന്‍ എന്ന പദം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ഇവര്‍ ഒന്നോ അതിലധികമോ അവയവങ്ങളില്‍ നമുക്കില്ലാത്ത ദിവ്യശക്തി നേടിയവരാണ്. ഈ പദം ഞാന്‍ ഇഷ്ടപ്പെടുന്നു. നമുക്ക് വികലാംഗന്‍ എന്ന പദത്തിനു പകരം ദിവ്യാംഗന്‍ എന്ന പദം പ്രചരിപ്പിച്ചു കൂടേ? ഇത് നിങ്ങള്‍ ഏറ്റെടുക്കമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ സുഗമ്യ ഭാരത് അഭിയാന്‍ തുടങ്ങിയല്ലോ? ഇതിലൂടെ എല്ലാ വിധത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ട് ഇവരെ സുഗമ്യതയിലേയ്ക്ക് കൊണ്ടു വരും. സ്‌കൂളാകട്ടെ, ആശുപത്രിയാകട്ടെ, സര്‍ക്കാര്‍ ഓഫീസുകളാകട്ടെ, ബസ് സ്റ്റേഷനാകട്ടെ, റെയില്‍വേ സ്റ്റേഷനിലെ റാമ്പ് ആകട്ടെ, പാര്‍ക്കിങ് ആകട്ടെ, ലിഫ്റ്റ് ആകട്ടെ, ബ്രെയിലി ലിപി ആകട്ടെ ഇവയെല്ലാം ഇവര്‍ക്ക് സുഗമമാക്കാന്‍ ഇന്നവേഷന്‍ ആവശ്യമാണ്. സാങ്കേതിക വിദ്യ ആവശ്യമാണ്, വ്യവസ്ഥ ആവശ്യമാണ് സംവേദനക്ഷമത ആവശ്യമാണ്. അതിനുള്ള ശ്രമം തുടങ്ങി ക്കഴിഞ്ഞു. ജനപങ്കാളിത്തം കിട്ടിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ അത് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടേതായ രീതിയില്‍ ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാം.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, സര്‍ക്കാരിന്റെ പദ്ധതികള്‍ നിരന്തരം വന്നു പോകും പക്ഷേ നമുക്ക് വേണ്ടത്, പദ്ധതികളെ ജീവസ്സുറ്റതാക്കുക എന്നതാണ്. പദ്ധതികള്‍ അവസാന ഗുണഭോക്താവിലെത്തുന്നതുവരെ അവയുടെ ജീവന്‍ കാക്കേണ്ടതുണ്ട്. അതിനുമുമ്പ് ഫയലുകള്‍ ചരമമടയാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ പദ്ധതികളൊക്കെ തന്നെ സാധാരണക്കാര്‍ക്കും ദലിതര്‍ക്കും വേണ്ടിയാണല്ലോ. പദ്ധതികളുടെ ശരിയായ അവകാശികള്‍ക്ക് പ്രയോജനം എങ്ങനെ എത്തിക്കാമെന്നതിനെക്കുറിച്ച് കഴിഞ്ഞ നാളുകളില്‍ ഭാരതസര്‍ക്കാര്‍ ഒരു അന്വേഷണം നടത്തി. നമ്മുടെ നാട്ടില്‍ ഗ്യാസ് സിലിണ്ടറിന് സബ്‌സിഡി നല്കാറുണ്ട്. കോടിക്കണക്കിനു രൂപ സബ്‌സിഡി ഇനത്തില്‍ നല്കുന്നുണ്ട്. പക്ഷേ ഇത് കൃത്യമായി ഗുണഭോക്താവിന് എത്തുന്നുണ്ടോ എന്നതിന് കൃത്യമായി കണക്കുകള്‍ ഉണ്ടായിരുന്നില്ല. ശരിയായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടോ എന്നും പരിശോധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തി. ആധാര്‍ കാര്‍ഡ് യോജിപ്പിച്ചുകൊണ്ട് ജന്‍ധന്‍ അക്കൗണ്ട് വഴി ലോകത്തു തന്നെ ഏറ്റവും വലിയ ഡയറ്ക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീമിലൂടെ നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി എത്തിക്കുക എന്ന ദൗത്യം. ലോകത്തിലെ വിജയകരമായി നടത്തപ്പെട്ട ഏറ്റവും വലിയ ഡയറ്ക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം എന്ന പേരില്‍ ഇത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനം ലഭിച്ചു എന്ന പറയുന്നതില്‍ എനിക്കഭിമാനമുണ്ട്. ‘പഹല്‍’ എന്ന പേരിലുള്ള ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരിയ്ക്കുന്നു. നവംബര്‍ മാസം വരെ ഏകദേശം 15 കോടി എല്‍.പി.ജി ഉപഭോക്താക്കള്‍ പഹല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നു വച്ചാല്‍ 15 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് സബ്‌സിഡി നേരിട്ട് ചെല്ലുന്നു. ഇടനിലക്കാരില്ല, ശുപാര്‍ശയില്ല, അഴിമതിക്കു സാധ്യതയില്ല. ഒരു വശത്ത് ആധാര്‍ കാര്‍ഡ് ക്യാംപെയിന്‍, മറുവശത്ത് ജന്‍ധന്‍ അക്കൗണ്ട് തുറക്കല്‍, പിന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചുകൊണ്ട് ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കലും അവരെ ആധാറിലൂടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കലും ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഗ്രാമങ്ങളില്‍ തൊഴിലുറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പണമിടപാടുകളെക്കുറിച്ച് ഒരുപാട് പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. പലയിടങ്ങളിലും ഇപ്പോള്‍ പണം നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനെക്കുറിച്ചും പരാതികളുണ്ടായിരുന്നു. അതു പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ ഏകദേശം 40 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിയിട്ടുണ്ട്. ഏകദേശം മുപ്പത്തിഅഞ്ചു മുതല്‍ നാല്‍പതുവരെ പദ്ധതികള്‍ ഡയറ്ക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീമില്‍

ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട ഭാരതവാസികളെ, ജനുവരി 26, ഭാരത റിപ്പബ്‌ളിക്കിന്റെ സുവര്‍ണ്ണ നിമിഷങ്ങളാണല്ലോ. ഈ വര്‍ഷം നമ്മുടെ ഭരണഘടനാശില്പിയായ ഡോ. ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജയന്തിയും ആഘോഷിക്കുന്നു. പാര്‍ലമെന്റില്‍ രണ്ടു ദിവസങ്ങള്‍ ഭരണ ഘടനയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയ്ക്കായി മാറ്റി വച്ചിരുന്നു. അതൊരു നല്ല അനുഭവമായിരുന്നു. ഓരോ പാര്‍ട്ടിയും ഓരോ സാമാജികനും ഭരണഘടനയുടെ പവിത്രയേയും മഹത്വത്തേയും ശരിയായി മനസ്സിലാക്കേണ്ടതിനുള്ള ചര്‍ച്ചകള്‍ നടന്നു. ഈ ചര്‍ച്ചകള്‍ നമുക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. റിപ്പബ്‌ളിക് ദിനം ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങളെ നയങ്ങളോട് യോജിപ്പിക്കുമോ അതോ നയങ്ങളെ ജനങ്ങളോട് യോജിപ്പിക്കുമോ? നമ്മുടെ ഭരണഘടന നമുക്ക് ധാരാളം അധികാരങ്ങള്‍ നല്‍കുന്നു. അതുകൊണ്ടുതന്നെ അധികാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഭരണഘടന കടമകള്‍ക്കും ഊന്നല്‍ നല്കുന്നുണ്ട്. പക്ഷേ കടമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെക്കുറച്ചേ നടക്കുന്നുള്ളൂ. ഏറ്റവും കൂടുതലായി കടമകളെക്കുറിച്ച് നാം ബോധവാന്മാരാകുന്നത് തെരഞ്ഞെടുപ്പ് സമയത്താണ.് വോട്ട് ചെയ്യുക നമ്മുടെ കടമയാണ് എന്ന് പരസ്യങ്ങളിലൂടെയും ചുവരെഴുത്തുകളിലൂടെയും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്തുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്തുള്ളപോലെ നിത്യ ജീവിതത്തിലും കര്‍ത്തവ്യങ്ങളെക്കുറിച്ച് നമുക്ക് വാചാലരായിക്കൂടാ? രാജ്യം ബാബാ സാഹിബ് അംബ്‌ദേക്കറുടെ 125-ാം ജയന്തി ആഘോഷിക്കുന്ന വേളയില്‍ ജനുവരി 26 നെ ഒരു നിമിത്തമായി കണ്ടുകൊണ്ട് സ്‌കൂളുകളിലും, കോളേജുകളിലും, ഗ്രാമങ്ങളിലും, നഗരങ്ങളിലും, സംഘടനകള്‍ക്കുള്ളിലും കര്‍ത്തവ്യങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിച്ചുകൂടേ? 125 കോടി ജനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ചുവടുറപ്പിച്ചുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയാല്‍ അതൊരു തിരുത്താനാവാത്ത ചരിത്രമാകും. അതിനുള്ള ചര്‍ച്ചകളെങ്കിലും നമുക്ക് തുടങ്ങാം. ഈ ജനുവരി 26 ന് മുമ്പ് കര്‍ത്തവ്യത്തെക്കുറിച്ച് നിങ്ങളുടെ മാതൃഭാഷയിലോ, ഹിന്ദിയിലോ, ഇംഗ്‌ളീഷിലോ ഒരു ലേഖനം എഴുതി എനിക്കയയ്ച്ചു തരിക. നിങ്ങളുടെ ചിന്താഗതി അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. MY GOV എന്ന പോര്‍ട്ടിലേയ്ക്ക് അയയ്ക്കൂ. എന്റെ ദേശത്തിലെ യുവജനത കര്‍ത്തവ്യത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഒരു ചെറിയ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനുവരി 26 ന് റിപ്പബ്‌ളിക് ദിനം ആചരിക്കുമ്പോള്‍ നമ്മുടെ നഗത്തിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള മഹാന്മാരുടെ പ്രതിമകളും അതിനു ചുറ്റുവട്ടവും നമ്മുടെ പൗരന്മാരിലൂടെ, സ്‌കൂള്‍-കോളേജ് കുട്ടികളിലുടെ വൃത്തിയാക്കുവാന്‍ ശ്രമിച്ചുകൂടെ? ഇത് ഒരു ഗവണ്‍മെന്റ് കാര്യമായല്ല ഞാന്‍ മുന്നോട്ടു വയ്ക്കുന്നത്. മഹാന്മാരുടെ പ്രതിമസ്ഥാപിക്കാന്‍ എത്ര വൈകാരികമായാണ് ജനങ്ങള്‍ മുന്നോട്ടു വരുന്നത്? പക്ഷേ അതുകാത്തു സൂക്ഷിക്കുന്നതില്‍ നമ്മള്‍ ഉദാസീനരാകുന്നു. ജനപങ്കാളിത്തത്തിലൂടെ ഈ വരുന്ന ജനുവരി 26ന് മഹാപുരുഷന്മാരുടെ പ്രതിമകള്‍ വൃത്തിയാക്കി ആചരിച്ചുകൊണ്ട് നമുക്കിത് ഒരു പതിവ് രീതിയാക്കി മാറ്റാന്‍ കഴിയില്ലേ? പ്രിയമുള്ളവരെ, ഒരിക്കല്‍ കൂടി 2016 ന്റെ പുതുവത്സരാശംസകള്‍.

നന്ദി.