പിഎം ഇന്ത്യ
കര്ണാടകയുടെ വിവിധ ഭാഗങ്ങളിലെ വരള്ച്ചയും ജലക്ഷാമവും വിലയിരുത്താന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില് ഉന്നതതല യോഗം ചേര്ന്നു. കര്ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യയും മുതിര്ന്ന കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വരള്ച്ചയെ നേരിടാനുള്ള വഴികള് തേടാനും ജലക്ഷാമത്തിന് ഇടക്കാല, ദീര്ഘകാല പരിഹാരങ്ങള് ആലോചിക്കുന്നതിനുമായി വരള്ച്ചബാധിതമായ 11 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രത്യേകം ചര്ച്ചകള് നടത്തുമെന്നു യോഗത്തിനു തുടക്കമിട്ടുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു.
കര്ണാടകയുടെ ആവശ്യത്തോടു പ്രതികരിച്ച് ഖാരിഫ് വിളസഹായമായി 1540.2 കോടി രൂപ അനുവദിച്ചതിനു പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. തുക മുഴുവന് റീയല്ടൈം ഗ്രോസ് സെറ്റില്മെന്റ് (ആര്.ടി.ജി.എസ്.) മുഖാന്തിരം കര്ഷകര്ക്കു വിതരണം ചെയ്തുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. റാബി വിളസഹായമായി 723.23 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും അത് ഉടനെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
2015-16ല് എസ്.ഡി.ആര്.എഫിലേക്കുള്ള കേന്ദ്രവിഹിതമായ 207 കോടി രൂപയ്ക്കു പുറമേയാണിത്. 2016-17ലെ എസ്.ഡി.ആര്.എഫിലേക്കുള്ള ആദ്യവിഹിതമായി 108.75 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
2016-17ല് ജലസംരക്ഷണത്തിനും വരള്ച്ചയെ പ്രതിരോധിക്കുന്നതിനുമായി വിവിധ പദ്ധതികളിലൂടെ കേന്ദ്രം 603 കോടി രൂപ കര്ണാടകയ്ക്കു നല്കുമെന്നു യോഗത്തില് വ്യക്തമാക്കപ്പെട്ടു. വിവിധ കാര്ഷിക പദ്ധതികള്ക്കായി 830 കോടി രൂപ ഇതിനു പുറമേ ലഭിക്കും.
കടുത്ത വരള്ച്ച നിമിത്തം ജനങ്ങള് നേരിടുന്ന പ്രശ്നങ്ങള് മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ പ്രധാന നദികളും അണക്കെട്ടുകളും വറ്റുകയാണ്. ജലാശയങ്ങളിലെ ചെളിനീക്കല്, കുളങ്ങള് നിര്മിക്കല്, ഡ്രിപ് നനരീതി അവലംബിക്കല്, കുടിവെള്ളം ലഭ്യമാക്കല് തുടങ്ങിയ നടപടികള് സംസ്ഥാന ഗവണ്മെന്റ് നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞു.
ജലസംരക്ഷണം, ഭൂഗര്ഭജലലഭ്യത വര്ധിപ്പിക്കല്, ചെളിനീക്കല് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ചര്ച്ച ചെയ്തു. മണ്സൂണെത്തുംമുമ്പേ, അടുത്ത 30- 40 ദിവസങ്ങളില് ചെളി നീക്കുന്നതിലും കൃഷിയിടങ്ങളില് കുളങ്ങള് നിര്മിക്കുന്നതിലും ചെക് ഡാമുകള് നിര്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന് സംസ്ഥാന ഗവണ്മെന്റിനോട് അദ്ദേഹം നിര്ദേശിച്ചു.
മലിനജലം ശുദ്ധീകരിക്കാന് നടത്തിവരുന്ന പ്രവര്ത്തനം മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ ശ്രദ്ധയില് പെടുത്തി. നഗരങ്ങളിലും പട്ടണങ്ങളിലും ഇതു വിപുലമായ രീതിയില് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഫസല് ബീമ യോജന നടപ്പാക്കുന്നതിനു നടത്തിവരുന്ന തയ്യാറെടുപ്പുകളെക്കുറിച്ചു ശ്രീ. സിദ്ധരാമയ്യ, പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിള ഇന്ഷുറന്സ് സംബന്ധിച്ച സംസ്ഥാന ഗവണ്മെന്റിന്റെ അഭിപ്രായങ്ങള് യോഗത്തില് അവതരിപ്പിക്കപ്പെട്ടു.
പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി ഒരു നിവേദനം സമര്പ്പിച്ചു. ഇക്കാര്യത്തില് സാധ്യമായതെല്ലാം ചെയ്യാമെന്ന മറുപടിയാണു പ്രധാനമന്ത്രി നല്കിയത്.
വരള്ച്ച പൊതുപ്രശ്നമാണെന്നും അതു പരിഹരിക്കാനായി കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള് ഒന്നിച്ചു ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി.എസ്.ഡി.പിയും നിക്ഷേപവും വര്ധിപ്പിക്കാന് നടത്തിയ പ്രവര്ത്തനങ്ങള് ഉയര്ത്തിക്കാട്ടുന്നതുപോലെ ജലസംരക്ഷണത്തിനും മാനേജ്മെന്റിനുമായി നടത്തിയ പ്രവര്ത്തനങ്ങള് സംസ്ഥാന ഗവണ്മെന്റുകള് ഉയര്ത്തിക്കാട്ടുന്ന കാലം സംജാതമായിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളിലുണ്ടാകുന്ന പ്രവര്ത്തനങ്ങളെ വിലയിരുത്താന് സൂചിക തയ്യാറാക്കാന് നീതി ആയോഗിനോടു പ്രധാനമന്ത്രി അഭ്യര്ഥിച്ചു.
The third extensive meeting on drought mitigation took place with the CM of Karnataka & officials from the state. https://t.co/YeKzLZoZ2u
— Narendra Modi (@narendramodi) May 7, 2016
Urged the Karnataka Govt to give importance to desilting, farm tanks & check dams before the onset of the monsoon. This will be beneficial.
— Narendra Modi (@narendramodi) May 7, 2016
CM Siddaramaiah briefed me about the steps taken for water management & their efforts to implement Pradhan Mantri Fasal Bima Yojana.
— Narendra Modi (@narendramodi) May 7, 2016