Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനായി ബംഗ്ലാദേശിന് തേഡ് ലൈന്‍ ഓഫ് ക്രെഡിറ്റായി 450 കോടി യു.എസ്. ഡോളര്‍ അനുവദിക്കാനുള്ള ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം


വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനായി ബംഗ്ലാദേശിന് തേഡ് ലൈന്‍ ഓഫ് ക്രെഡിറ്റായി 450 കോടി യു.എസ്. ഡോളര്‍ അനുവദിക്കാനുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ബംഗ്ലാദേശ് പ്രധാനമന്ത്രി 2017ല്‍ നടത്തിയ ഇന്ത്യാസന്ദര്‍ശനത്തിനിടെയാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.

തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനും ബംഗ്ലാദേശിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും ഇന്ത്യയും ബംഗ്ലാദേശുമായുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുകവഴി വടക്കുകിഴക്കന്‍ മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശില്‍ പുതിയ കച്ചവടസാധ്യതകള്‍ സൃഷ്ടിക്കുന്നതിനും ധാരണാപത്രം സഹായകമാകും.

ഇളവുകളോടെയുള്ള സാമ്പത്തിക സഹായം ഇന്ത്യയും ബംഗ്ലാദേശുമായുള്ള ഉഭയകക്ഷിബന്ധവും വികസന സഹകരണവും മെച്ചപ്പെടുത്തും.

ഇളവോടു കൂടിയുള്ള ധനസഹായം ഉപയോഗപ്പെടുത്തി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പട്ടിക ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കുകൂടി താല്‍പര്യമുള്ള പദ്ധതികളാണു നടപ്പാക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്താനുള്ള സാഹചര്യം വായ്പാ പദ്ധതി സൃഷ്ടിക്കുന്നു.

ചില പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലയുമായി ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ക്കും ലോകത്തിലെ മറ്റു പ്രദേശങ്ങള്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കും. അവ ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ഇന്ത്യന്‍ കമ്പനികളുടെ വാണിജ്യാവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.