ഗുജറാത്തിലെ ഏകതാ നഗറിൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, പതിവായി രാവിലെ നടക്കാറുള്ള പരിപാടികൾ ഇത്തവണ വൈകുന്നേരത്തേക്ക് മാറ്റിയ കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം ഭാരത് പർവ് പവലിയനിൽ നടന്ന വിസ്മയകരമായ ദൃശ്യങ്ങളും, രാവിലത്തെ ‘റൺ ഫോർ യൂണിറ്റി’യിൽ ഐക്യം കാത്തുസൂക്ഷിക്കുമെന്ന നിശ്ചയദാർഢ്യത്തോടെ ലക്ഷക്കണക്കിന് പൗരന്മാർ അണിനിരന്നതും അദ്ദേഹം അനുസ്മരിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) യുടെ നിർമ്മാണത്തിൽ രാജ്യത്തുടനീളമുള്ള ജനങ്ങൾ പങ്കാളികളായതും, ഈ വേദിയുടെ സവിശേഷമായ അന്തരീക്ഷത്തെക്കുറിച്ചും, ഏകതാ ദിനത്തിന്റെ പ്രചോദനാത്മകമായ ഊർജ്ജത്തെക്കുറിച്ചും പരാമർശിച്ചുകൊണ്ട്, ഈ സ്മാരകം സന്ദർശിക്കുന്നത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനബോധവും സർദാർ വല്ലഭ്ഭായ് പട്ടേലിനോട് അഗാധമായ നന്ദിയും നിറയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സ്വാതന്ത്ര്യാനന്തരം,, അമ്പത്തഞ്ചിലധികം നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച്, കാരിരുമ്പിന്റെ നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ഈ രാജ്യത്തെ ഐക്യത്തിന്റെ ചരടിൽ കോർത്തെടുത്തു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
സ്വാതന്ത്ര്യം ഒരു രാജ്യത്തിന് സ്വന്തം വിധി നിർണയിക്കാനുള്ള കരുത്ത് നൽകുകയും, ഭരണഘടനാനുസൃതമായ അതിരുകൾക്കുള്ളിൽ നിന്ന് തീരുമാനങ്ങളെടുത്ത് ജനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കാൻ റിപ്പബ്ലിക് സഹായിക്കുകയും ചെയ്യുമ്പോൾ, ഒരു രാജ്യമായി ഒരുമിച്ച് മുന്നേറാനുള്ള പ്രധാന കരുത്ത് നൽകുന്നത് ഐക്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. “അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്ത് ഇപ്പോൾ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ഏകതാ ദിനവും – ഈ മൂന്ന് ദേശീയോത്സവങ്ങളും പൂർണ്ണ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.
പോലീസിന്റെയും സുരക്ഷാസേനയുടെയും ധീരതയ്ക്ക് പ്രണാമമർപ്പിച്ചുകൊണ്ടുള്ള ദേശീയ ഏകതാ പരേഡിലൂടെയും, ഭാരതത്തിന്റെ പാരമ്പര്യവും പ്രതീക്ഷകളും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളിലൂടെയും ഏകതാ നഗറിൽ ഒരുക്കിയ ദേശീയ ഐക്യത്തിന്റെ മഹത്തായ കാഴ്ചകളെ പരാമർശിക്കവെ, ഏകതാ ദിനം കേവലം ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം ജനപങ്കാളിത്തത്തോടെയുള്ള ജനകീയ അഭിമാനത്തിന്റെ ആഘോഷമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. “ഈ അവസരത്തിൽ ഞാൻ എല്ലാ സഹോദരീസഹോദരന്മാർക്കും ദേശീയ ഏകതാ ദിനാശംസകൾ നേരുന്നു; സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പാദാരവിന്ദങ്ങളിൽ ഞാൻ ആദരവോടെ പ്രണാമമർപ്പിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ആധുനിക ഭാരതത്തെ സർദാർ പട്ടേലില്ലാതെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നും, ചരിത്രത്തിലെ അതുല്യ വ്യക്തിത്വമാണ് അദ്ദേഹമെന്നും വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ഇപ്പോഴത്തെ ഭൗമ-രാഷ്ട്രീയ രൂപം നിർണ്ണയിച്ചതിന്റെ മുഴുവൻ ബഹുമതിയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി. “വിഭജനത്തിനു ശേഷവും ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ ഭാരതത്തെ സുരക്ഷിതമായി നിർത്തിയത് സർദാർ പട്ടേൽ തന്നെയാണ്,” ശ്രീ മോദി എടുത്തുപറഞ്ഞു.
ഇന്ത്യയുടെ സ്വഭാവവും ബോധവും ആഴത്തിൽ മനസ്സിലാക്കിയിരുന്നതിനാലാണു സർദാർ വല്ലഭ്ഭായ് പട്ടേലിനു വിജയിക്കാൻ കഴിഞ്ഞതെന്നു പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിനു വർഷങ്ങളായി ഇന്ത്യൻ നാഗരികതയെ നിലനിർത്തിപ്പോന്ന ദേശീയ ഐക്യത്തിന്റെ യഥാർഥ അടിത്തറയാണു വൈവിധ്യമെന്നും, അതു തടസ്സമല്ലെന്നും ആ നേതാവു തിരിച്ചറിഞ്ഞിരുന്നു. “ഈ കരുത്തിനാലാണു നാം പുരോഗതിയുടെയും സമൃദ്ധിയുടെയും ഉന്നതശിഖരങ്ങൾ തൊട്ടത്” – പ്രധാനമന്ത്രി നിരീക്ഷിച്ചു.
രാജ്യത്തെ ഭൂമിശാസ്ത്രപരമായും വൈകാരികമായും ഒന്നിപ്പിച്ച്, ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയതു സർദാർ പട്ടേലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ സാംസ്കാരിക പുനരുജ്ജീവനത്തിനു തുടക്കമിട്ടതിൽ അദ്ദേഹത്തിനുള്ള നിർണായക പങ്കും എടുത്തുപറഞ്ഞു. “ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമാണത്തിലൂടെ രാജ്യത്തിന്റെ സാംസ്കാരിക പുനരുജ്ജീവനത്തിനും അദ്ദേഹം തുടക്കമിട്ടു” – പ്രധാനമന്ത്രി പറഞ്ഞു.
സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമാണത്തിന്റെ 75-ാം വാർഷികമാണ് ഈ വർഷം എന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അക്രമികളെയും സ്വേച്ഛാധിപതികളെയും അതിജീവിച്ച് ആയിരം വർഷക്കാലം അഭിമാനത്തോടെ പാറിപ്പറന്ന ക്ഷേത്രക്കൊടി രാജ്യത്തുടനീളം നടക്കുന്ന ‘സോംനാഥ് സ്വാഭിമാൻ പർവിനു’ പ്രചോദനമായെന്നു പറഞ്ഞു. “അതേ ആവേശത്തോടെയാണ് ഈ വർഷവും രാജ്യം ഈ ഉത്സവം ആഘോഷിക്കുന്നത്” – പ്രധാനമന്ത്രി നിരീക്ഷിച്ചു.
ദേശീയ ഐക്യത്തിന്റെ മഹത്തായ ആഘോഷങ്ങൾ, ആഗോളതലത്തിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന സ്ഥാനം, അതിവേഗ സാമ്പത്തിക വളർച്ച, കാശി വിശ്വനാഥ ക്ഷേത്രംമുതൽ രാമക്ഷേത്രംവരെയുള്ള സാംസ്കാരിക നവോത്ഥാനം എന്നിവയെല്ലാം പരാമർശിച്ച പ്രധാനമന്ത്രി, സർദാർ പട്ടേൽ വിഭാവനംചെയ്ത അതേ പാതയിലൂടെയാണു രാജ്യം മുന്നേറുന്നതെന്നു വ്യക്തമാക്കി. “ഇതിന് ഈ രാജ്യം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും” – പ്രധാനമന്ത്രി പറഞ്ഞു.
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചു രാജ്യവ്യാപകമായി രണ്ടുവർഷം നീണ്ടുനിന്ന ആഘോഷങ്ങൾക്കിടെ രാജ്യം കൈക്കൊണ്ട സുപ്രധാന പ്രതിജ്ഞകൾ അനുസ്മരിച്ച പ്രധാനമന്ത്രി, 151-ാം ജന്മവാർഷിക വേളയിൽ ആ തീരുമാനങ്ങൾ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി പ്രകടിപ്പിച്ചു. “ഈ രണ്ടുവർഷത്തിനിടെ രാജ്യം സമാനതകളില്ലാത്ത നിരവധി നേട്ടങ്ങൾ കൈവരിച്ചു” – പ്രധാനമന്ത്രി പറഞ്ഞു.
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ അർപ്പിച്ച പ്രതിജ്ഞയും പ്രധാനമന്ത്രി അനുസ്മരിച്ചു. നക്സലിസവും മാവോയിസ്റ്റ് ഭീകരതയും പൂർണമായി തുടച്ചുനീക്കുന്നതുവരെ വിശ്രമിക്കില്ലെന്നായിരുന്നു ആ പ്രതിജ്ഞ. ഒരു വർഷത്തിനുള്ളിൽ ഇടതുതീവ്രവാദത്തിന്റെ നട്ടെല്ലു തകർക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2015-ൽ 126 ആയിരുന്ന നക്സൽബാധിത ജില്ലകളുടെ എണ്ണം 2026 മാർച്ചോടെ പൂജ്യമായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി രക്തച്ചൊരിച്ചിലിന്റെ ദുരിതം പേറിയിരുന്ന പ്രദേശങ്ങൾ ഇന്നു വികസനത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകൾ, മൊബൈൽ ശൃംഖലകൾ, വിദ്യാലയങ്ങൾ, ആരോഗ്യപരിരക്ഷാസൗകര്യങ്ങൾ എന്നിവ അവിടെ വ്യാപകമാകുകയാണ്. “ഒരുകാലത്ത് അനിശ്ചിതത്വം നേരിട്ടിരുന്ന യുവാക്കൾക്ക് ഇന്നു വിദ്യാഭ്യാസത്തിനും തൊഴിലിനും ജീവിതത്തിൽ മുന്നേറുന്നതിനുമുള്ള പുതിയ അവസരങ്ങൾ തുറന്നുകിട്ടുകയാണ്” – പ്രധാനമന്ത്രി പറഞ്ഞു.
ഐക്യദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത മുൻ നക്സൽബാധിത മേഖലകളിൽനിന്നുള്ള കുടുംബങ്ങളെ പ്രധാനമന്ത്രി സ്വാഗതംചെയ്യുകയും അവർക്കു ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു. “രാജ്യത്തിന്റെ ഈ മേഖലകളിൽ സമാധാനം സ്ഥാപിക്കുന്നതിനായി പരമോന്നത ത്യാഗംചെയ്ത ധീരരായ എല്ലാ സൈനികരുടെയും മുന്നിൽ ഇന്നു ഞാൻ ശിരസ്സു നമിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ നേട്ടങ്ങളിൽ ജനങ്ങൾക്കുണ്ടായ വർധിച്ച വിശ്വാസവും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭരണസംവിധാനവുമാണ് ഇന്ന് ഇന്ത്യയെ കൂടുതൽ സുരക്ഷിതവും ദൃഢനിശ്ചയമുള്ളതുമായ രാജ്യമാക്കി മാറ്റിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യനിർമാർജനത്തിൽ രാജ്യം ചരിത്രപരമായ നേട്ടം കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകളോളം ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയർത്തിയവർ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനു പകരം സ്വന്തം സമ്പത്തു വർധിപ്പിക്കുക മാത്രമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 2024-നു മുമ്പുള്ള 10 മുതൽ 12 വർഷത്തിനിടെ 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്നു കരകയറിയതായി ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടു വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അതായത്, മുമ്പ് ഓരോ നൂറിലും 27 പേർ അതിദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നെങ്കിൽ ഇന്ന് ആ എണ്ണം മൂന്നിൽ താഴെയായി കുറഞ്ഞിരിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി ദരിദ്രരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും മുൻഗണന നൽകിക്കൊണ്ടാണ് ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ട ഈ നേട്ടം കൈവരിച്ചതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, സൗജന്യ റേഷൻ, സൗജന്യ ആരോഗ്യപരിരക്ഷ, കോടിക്കണക്കിന് ഉറപ്പുള്ള വീടുകൾ, ശൗചാലയങ്ങൾ, പുകരഹിത അടുക്കളകൾ, വിപുലമായ ഇൻഷുറൻസ് പരിരക്ഷ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കിയത്. 2014-ന് മുമ്പ് 25 കോടിയിൽ താഴെ ആളുകൾക്കുണ്ടായിരുന്ന സാമൂഹിക സുരക്ഷാ പരിരക്ഷ ഇന്ന് ഏകദേശം 100 കോടി പൗരന്മാരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം സർദാർ പട്ടേലിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ അനുഗ്രഹ ആശിസ്സുകളോടെ, രാജ്യത്തു നിന്നും ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുമെന്ന ദൃഢനിശ്ചയം അദ്ദേഹം ആവർത്തിച്ചു. “ഇത്തരം ശ്രമങ്ങളിലൂടെ മാത്രമേ രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാനും ഇന്ത്യയെ വികസിത ഭാരതമാക്കി മാറ്റാനും നമുക്ക് സാധിക്കുകയുള്ളൂ,” എന്ന് പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു.
യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, വിഭവക്ഷാമം, വിതരണ ശൃംഖലകളുടെ തകർച്ച എന്നിവയാൽ, പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും പ്രക്ഷുബ്ധമായ ആഗോള സാഹചര്യത്തിൽ ദേശീയ ഐക്യമാണ് സ്ഥിരതയ്ക്കും വിജയത്തിനും ഉറപ്പുനൽകുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആഗോളതലത്തിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ ഇന്ത്യയ്ക്ക് കരുത്തേകുന്ന ഏറ്റവും വലിയ ശക്തി ഇന്ത്യക്കാരുടെ ഐക്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ അന്താരാഷ്ട്ര ഊർജപ്രതിസന്ധി നിരവധി രാജ്യങ്ങളിൽ ഇന്ധന നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമാക്കുകയും, ജനസംഖ്യ കൂടുതലുള്ളതും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നതുമായ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാകുമെന്ന് ഇന്ത്യാവിരുദ്ധ ശക്തികൾ സജീവമായി പ്രവചനങ്ങൾ നടത്തിയിരുന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ, നയതന്ത്രപരമായ ചടുലതയും പൊതുജനങ്ങളുടെ ഐക്യദാർഢ്യവും ഒരുപോലെ പൗരന്മാരെ ഈ പ്രതിസന്ധിയുടെ ആഘാതത്തിൽനിന്ന് സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ നിരാശയ്ക്ക് ശേഷം ഗൂഢാലോചനകൾ മെനയാനും പൗരന്മാരെ പരസ്പരം ഭിന്നിപ്പിക്കാനും, സോഷ്യൽ മീഡിയയെ ആയുധമാക്കി വ്യാജപ്രചാരണങ്ങൾ നടത്തി ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനും രംഗത്തിറങ്ങിയിരിക്കുന്ന വിഘടന ശക്തികൾക്കെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. വിദേശങ്ങളിൽ നടക്കുന്ന രഹസ്യ കൂടിക്കാഴ്ചകൾ, ഭാരതവിരുദ്ധ ശക്തികളുടെ ബാഹ്യ പിന്തുണ, രാജ്യശത്രുക്കളുടെ അതേ ഭാഷയിലുള്ള പ്രസ്താവനകൾ എന്നിവ തിരിച്ചറിയണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. “നമ്മൾ രാജ്യത്തെ പിന്നോക്ക മേഖലകളിൽ നിന്ന് നക്സലിസത്തെ തുടച്ചുനീക്കി, എന്നാൽ ആശയപരമായ തീവ്രവാദികളുടെ അപകടം രാജ്യത്ത് നിന്ന് ഇനിയും ഒഴിഞ്ഞുപോയിട്ടില്ല.. ഇത്തരം ശക്തികൾക്കെതിരെ രാജ്യം എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്,” എന്ന് ശ്രീ മോദി മുന്നറിയിപ്പ് നൽകി.
ദേശീയ ഐക്യമെന്ന മഹത്തായ ദൗത്യവും, ശക്തവും കഴിവുറ്റതുമായ ഇന്ത്യയിലേക്കുള്ള യാത്രയും പ്രതിസന്ധികൾക്കിടയിലും തടസ്സമില്ലാതെ തുടരണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാക്കുക, നുഴഞ്ഞുകയറ്റവും ജനസംഖ്യാ വ്യതിയാനങ്ങളും തടയുക, മതേതര സിവിൽ കോഡിലേക്ക് മുന്നേറുക എന്നിവയാണ് അടുത്ത പ്രധാന ദേശീയ മുൻഗണനകളെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രധാനമായ തീരുമാനങ്ങളും ധീരമായ നടപടികളും എടുക്കുമ്പോൾ സ്വാഭാവികമായും തടസ്സങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’, ‘വികസിത ഭാരത്’ എന്നീ ദൃഢ ലക്ഷ്യങ്ങളിൽ നിന്ന് രാജ്യം ഒട്ടും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2047-ലെ ലക്ഷ്യത്തിലേക്ക് ഓരോ ശ്വാസത്തിലും അക്ഷീണം പ്രയത്നിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഉത്സവ ആശംസകളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും പ്രസംഗം ഉപസംഹരിച്ചു. “കഠിനാധ്വാനത്തിന്റെ ഉന്നതിയിലേക്ക് നാം എത്തും, പ്രതിസന്ധികളെ നാം ധീരമായി നേരിടും; എന്നാൽ നമ്മുടെ ദൃഷ്ടി ഒരൊറ്റ ലക്ഷ്യത്തിൽ മാത്രമായിരിക്കും – 2047-ഓടെ ശക്തവും കഴിവുറ്റതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക!” എന്ന് പ്രധാനമന്ത്രി മോദി ഉറപ്പിച്ചു പറഞ്ഞു.
On Rashtriya Ekta Diwas, we pay tribute to Sardar Patel and remember his immense contribution to national unity. https://t.co/GLt85TCTxx
— Narendra Modi (@narendramodi) October 31, 2026
Sardar Patel played a monumental role in shaping and safeguarding the nation’s unity. https://t.co/VI9ycIsjeY
— PMO India (@PMOIndia) October 31, 2026
Naxalism has been dealt a decisive blow in the country. https://t.co/KGRWF14SIM
— PMO India (@PMOIndia) October 31, 2026
India today is more secure and more resolute than ever before.
A major reason for this is the growing self-confidence of its people. https://t.co/mx3YkU1EDU
— PMO India (@PMOIndia) October 31, 2026
A significant decline in poverty. https://t.co/4PIPaiEJv2
— PMO India (@PMOIndia) October 31, 2026
Every effort we make must be driven by the resolve to build a strong and Viksit Bharat by 2047. https://t.co/ypZdkAIXpR
— PMO India (@PMOIndia) October 31, 2026
*****
On Rashtriya Ekta Diwas, we pay tribute to Sardar Patel and remember his immense contribution to national unity. https://t.co/GLt85TCTxx
— Narendra Modi (@narendramodi) October 31, 2026
Sardar Patel played a monumental role in shaping and safeguarding the nation's unity. https://t.co/VI9ycIsjeY
— PMO India (@PMOIndia) October 31, 2026
Naxalism has been dealt a decisive blow in the country. https://t.co/KGRWF14SIM
— PMO India (@PMOIndia) October 31, 2026
India today is more secure and more resolute than ever before. A major reason for this is the growing self-confidence of its people. https://t.co/mx3YkU1EDU
— PMO India (@PMOIndia) October 31, 2026
A significant decline in poverty. https://t.co/4PIPaiEJv2
— PMO India (@PMOIndia) October 31, 2026
Every effort we make must be driven by the resolve to build a strong and Viksit Bharat by 2047. https://t.co/ypZdkAIXpR
— PMO India (@PMOIndia) October 31, 2026
Took part in the Rashtriya Ekta Diwas celebrations in Kevadia. May this day deepen the bonds of harmony and brotherhood across our nation. And, may this spirit of unity further cement our resolve to build a Viksit Bharat. https://t.co/q7Z79tNMKO
— Narendra Modi (@narendramodi) October 31, 2026