Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ “അതിജീവനശേഷി, നവീനാശയം, സഹകരണം, സുസ്ഥിരത: ഉൾക്കൊള്ളുന്ന ആഗോള വളർച്ചയ്ക്കായി ഭാവിയെ രൂപപ്പെടുത്തൽ” എന്ന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആമുഖ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ “അതിജീവനശേഷി, നവീനാശയം, സഹകരണം, സുസ്ഥിരത: ഉൾക്കൊള്ളുന്ന ആഗോള വളർച്ചയ്ക്കായി ഭാവിയെ രൂപപ്പെടുത്തൽ” എന്ന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആമുഖ പ്രസംഗത്തിന്റെ മലയാളം  പരിഭാഷ


ബഹുമാന്യരേ,

വിശിഷ്ട വ്യക്തിത്വങ്ങളേ,

നമസ്കാരം!

ബ്രിക്സിന്റെ വിപുലീകരിച്ച കുടുംബത്തിലേക്ക് നിങ്ങളെ ഏവരെയും ഞാൻ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ഇന്ന് ഈ ഹാൾ വിവിധ ഭൂഖണ്ഡങ്ങളെയും സംസ്‌കാരങ്ങളെയും വൈവിധ്യമാർന്ന വികസന യാത്രകളെയും ഒന്നിച്ചു കൊണ്ടുവരുന്നു. ബ്രിക്സിന് മേൽ വളർന്നുവരുന്ന കരുത്തിന്റെയും ആകർഷണീയതയുടെയും അഭൂതപൂർവ്വമായ വിശ്വാസത്തിന്റെയും ജീവസ്സുറ്റ സാക്ഷ്യപത്രമാണിത്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ അധ്യക്ഷതയിൽ നമ്മൾ എല്ലാ ശ്രമങ്ങളും ഇനി പറയുന്ന  നാല് സ്തംഭങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്: അതിജീവനശേഷി, നവീനാശയം, സഹകരണം, സുസ്ഥിരത. നിങ്ങളുടെയെല്ലാം സഹകരണത്തോടും പിന്തുണയോടും കൂടി നമ്മുടെ പങ്കാളിത്ത കാഴ്ചപ്പാടിനെ ഇരുവിഭാഗത്തിനും പ്രയോജനകരമായ സഹകരണമാക്കി മാറ്റാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

ഇന്ന് ലോകത്തിൽ സംഘർഷങ്ങളുടെയും അമർഷങ്ങളുടെയും/അസ്വാരസ്യങ്ങളുടെയും എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്; അത് സാധാരണക്കാരായ ആളുകളുടെ ജീവിതത്തെ പ്രതികൂലമായും വ്യാപകമായും ബാധിക്കുന്നുമുണ്ട്.

മഹാമാരികളും കാലാവസ്ഥാ ദുരന്തങ്ങളും വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങളും തെളിയിക്കുന്നത്, ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ഒരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്തു മാത്രമായി ഒതുങ്ങിനിൽക്കില്ല എന്നാണ്. അതുകൊണ്ട്, ബ്രിക്സ് കൂട്ടായ്മയിൽ അതിജീവനശേഷി ശക്തിപ്പെടുത്തുന്നതിന് നമ്മൾ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. വെല്ലുവിളികളെ സമയബന്ധിതമായി തിരിച്ചറിയുക, അവയ്ക്കായി സജ്ജരാവുക, ഉടൻ തന്നെ നടപടികൾ സ്വീകരിക്കുക എന്നതും അതുപോലെ തന്നെ പ്രധാനമാണ്.

ഈ ചിന്തയോടെ, പകർച്ചവ്യാധികളുടെ പ്രതിരോധത്തിനും പ്രതികരണത്തിനുമായി നമ്മൾ ‘ബ്രിക്സ് ഇന്റഗ്രേറ്റഡ് ഏർലി വാണിംഗ് സിസ്റ്റം’ എന്ന കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി ‘ഏർലി വാണിംഗ് ഡാറ്റാ ഇന്റഗ്രേഷൻ ഗൈഡ്‌ലൈൻസ്’ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ‘ബ്രിക്സ് ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ കോഓപ്പറേഷൻ ഫ്രെയിംവർക്ക്’ നമ്മുടെ വിതരണ ശൃംഖലകളെ കൂടുതൽ വിശ്വസനീയവും ശക്തവുമാക്കാൻ സഹായിക്കും.

സുഹൃത്തുക്കളേ,

നവീനാശയത്തിന് കീഴിൽ, ‘ബ്രിക്സ് ഇൻക്യുബേറ്റർ നെറ്റ്‌വർക്ക്’ നമ്മുടെ സ്റ്റാർട്ടപ്പുകളെയും ഇൻക്യുബേറ്ററുകളെയും തമ്മിൽ പരസ്പരബന്ധിതമാക്കും. നവീനവും വിപുലീകരിക്കാൻ കഴിയുന്നതുമായ പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മൾ ‘ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട്’  മുന്നോട്ടുവെച്ചിട്ടുണ്ട്.

‘ബ്രിക്സ് നെറ്റ്‌വർക്ക് ഓൺ ഡിജിറ്റൽ അഗ്രികൾച്ചർ’ കർഷകർക്കായി പുതിയ സാധ്യതകൾ തുറന്നുനൽകും. ഈ പദ്ധതിയിലൂടെ കൃത്രിമബുദ്ധി (AI), ജിയോസ്‌പേഷ്യൽ സാങ്കേതികവിദ്യ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ കർഷകരുടെ യഥാർത്ഥ ആവശ്യങ്ങളുമായി ബന്ധിപ്പിക്കും.

സാങ്കേതികവിദ്യയുടെയും നി‍ർണായക ധാതുക്കളുടെയും ആയുധവൽക്കരണം നമ്മുടെ പങ്കാളിത്ത പുരോഗതിക്ക് തടസ്സമാകാം. അതിനാൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ നമ്മൾ ഉൾക്കൊള്ളൽ നയത്തിന്  പ്രാധാന്യം നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ബ്രിക്സ് വേദി വഴി സൗഹൃദവും പങ്കാളിത്തവും സഹകരണവും ഇന്ത്യ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്.

ബ്രിക്സ് സഹകരണം കേവലം ഗവൺമെന്റുകളിൽ മാത്രം ഒതുങ്ങിനിൽക്കരുത് എന്ന് ഉറപ്പാക്കാനായിരുന്നു നമ്മുടെ ശ്രമം. നമ്മുടെ സംരംഭകർ, കർഷകർ, ഗവേഷകർ, വനിതകൾ, യുവാക്കൾ, സാധാരണ പൗരന്മാർ എന്നിവരെയും ഇതിന്റെ സജീവ പങ്കാളികളാക്കാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്.

‘ബ്രിക്സ് കണക്ട്’ വഴി നമ്മൾ വൈദഗ്ധ്യം, തൊഴിൽക്ഷമത, തൊഴിൽ സേനയിലെ വനിതാ പങ്കാളിത്തം, സാമൂഹിക സുരക്ഷ, ശേഷി വികസനം എന്നിവയെ പ്രോത്സാഹിപ്പിച്ചു.

ചെറുകിട സംരംഭങ്ങളെ അറിവുമായും സാമ്പത്തിക സഹായങ്ങളുമായും പുതിയ വിപണികളുമായും ബന്ധിപ്പിക്കുന്നതിന് നമ്മൾ ‘ബ്രിക്സ് എം.എസ്.എം.ഇ കോഓപ്പറേഷൻ പോർട്ടൽ’ ആരംഭിച്ചിട്ടുണ്ട്.

നമ്മുടെ നഗരങ്ങൾക്കിടയിൽ മികച്ച പ്രായോഗിക രീതികൾ പങ്കുവെക്കുന്നതിനായി ‘ബ്രിക്സ് അർബൻ മൊബിലിറ്റി ഹബ്ബ്’ സ്ഥാപിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഭാരതീയ സംസ്കാരത്തിൽ പ്രകൃതിക്ക് അമ്മയുടെ സ്ഥാനമാണ് നൽകിയിട്ടുള്ളത്. വികസനവും പരിസ്ഥിതിയും പരസ്പര വിരുദ്ധമല്ല, മറിച്ച് പൂരകങ്ങളാണ് എന്നാണ് നൂറ്റാണ്ടുകളായി നമ്മുടെ വിശ്വാസം. ബ്രിക്സിലും മാനവ വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നമ്മൾ പ്രാധാന്യം നൽകിയിട്ടുണ്ട്.

ഇതാണ് സുസ്ഥിരതയുടെ  അടിസ്ഥാനം. ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണിത്. ഈ ദിശയിൽ നിരവധി കാര്യങ്ങളിൽ നമ്മൾ പുരോഗതി കൈവരിച്ചിട്ടുണ്ട്.

സ്മാർട്ട് ഗ്രിഡുകൾക്കും ഊർജ്ജ സംഭരണത്തിനുമായി നമ്മൾ ‘ബ്രിക്സ് ഡിജിറ്റൽ സെന്റർ ഓഫ് എക്സലൻസ്’  രൂപീകരിച്ചു. ഇത് നമ്മുടെ ശുദ്ധമായ ഊർജ്ജ സംവിധാനങ്ങളെ കൂടുതൽ വിശ്വസനീയവും കാര്യക്ഷമവും എല്ലാവർക്കും ലഭ്യവുമാക്കുവാനും സഹായിക്കും.

അഗ്രോ-ഇക്കോളജിയുടെയും റീജനറേറ്റീവ് അഗ്രികൾച്ചറിന്റെയും അധിഷ്ഠിത കേന്ദ്രങ്ങൾ പരമ്പരാഗത അറിവുകളെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കും. സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായി രൂപപ്പെടുത്തിയ തത്ത്വങ്ങൾ, തദ്ദേശീയ അറിവുകളെ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ സുപ്രധാന അടിത്തറയാക്കി മാറ്റും.

സുഹൃത്തുക്കളേ,

ഈ നാല് സ്തംഭങ്ങളിൽ  അധിഷ്ഠിതമായി മുന്നേറിക്കൊണ്ട്, ബ്രിക്സിലൂടെ, ഉൾക്കൊള്ളുന്ന ആഗോള വളർച്ചയെ പ്രോത്സാഹിപ്പിക്കാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളത്. ബ്രിക്സിനുള്ളിൽ വികസിപ്പിച്ചെടുക്കുന്ന പരിഹാരങ്ങളുടെ പ്രയോജനം ബ്രിക്സ് രാജ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കരുത് എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യവും എല്ലാവർക്കും ലഭ്യവുമാകുന്ന രീതിയിലും  അവയെ മാറ്റിയെടുക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ബ്രിക്സിലുള്ള ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്; കാരണം ബ്രിക്സിനുള്ളിൽ:

അവരുടെ ശബ്ദങ്ങൾ കേൾക്കപ്പെടുന്നുണ്ട്.

അവരുടെ അനുഭവങ്ങൾ ബഹുമാനിക്കപ്പെടുന്നുണ്ട്.

കൂടാതെ പരിഹാരങ്ങൾ അവർക്ക് വേണ്ടിയല്ല, മറിച്ച് അവരോടൊപ്പമാണ് വികസിപ്പിച്ചെടുക്കുന്നത്.

നമ്മുടെ വൈവിധ്യത്തിലും സഹകരണത്തിലുമാണ് ബ്രിക്സിന്റെ കരുത്ത് കുടികൊള്ളുന്നത്.

നമ്മൾ വേറിട്ട യാഥാർത്ഥ്യങ്ങളിൽ ഊന്നിയവരായിരിക്കാം, എന്നാൽ ഒന്നിച്ച്, സഹകരണത്തിലൂടെ നമ്മൾ ഉയരുകയും മാനവികതയ്ക്കായി വിടരുകയും ചെയ്യുന്നു.

നമ്മുടെ വൈവിധ്യം നമ്മുടെ അടയാളമായി തുടരട്ടെ, നമ്മുടെ സഹകരണം നമ്മുടെ പ്രചോദനമാകട്ടെ, നമ്മുടെ പുരോഗതി സമസ്ത മാനവികതയുടെയും നന്മയ്ക്കായി ഭവിക്കട്ടെ.

വളരെ നന്ദി.

***

SK