പിഎം ഇന്ത്യ
2017 ലെ ചരക്ക് സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) നിയമം അനുയോജ്യമായ തരത്തില്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.
താഴെപ്പറയുന്ന ഇനങ്ങള്‍ക്ക് ഈടാക്കുന്ന പരമാവധി നഷ്ട പരിഹാര സെസ്സിന്റെ നിരക്ക് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കുന്നതിനാണ് ഭേദഗതി:
a) ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാവാഹനങ്ങള്‍ (നിയമത്തിലെ 8702 10, 8702 20, 8702 30 അല്ലെങ്കില്‍ 8702 90 എന്നീ ഉപവിഭാഗങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍.
b) 8703 വിഭാഗത്തിന് കീഴില്‍ വരുന്ന മോട്ടോര്‍ വാഹനങ്ങള്‍
ചരക്ക് സേവന നികുതി നിലവില്‍ വന്നതിന് ശേഷം മോട്ടോര്‍ വാഹനങ്ങളുടെ മൊത്തം നികുതി (ജി.എസ്.റ്റി + നഷ്ടപരിഹാര സെസ്സ്) ജി.എസ്.റ്റി ഏര്‍പ്പെടുത്തുന്നതിന് മുമ്പത്തെക്കാള്‍ കുറവാണെന്ന വസ്തുത കണക്കിലെടുത്ത ശേഷം കഴിഞ്ഞ ആഗസ്റ്റില്‍ ചേര്‍ന്ന ജി.എസ്.റ്റി. കൗണ്‍സില്‍ യോഗമാണ് 8702, 8703 വിഭാഗങ്ങള്‍ക്ക് കീഴില്‍ വരുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള നഷ്ട പരിഹാര സെസ്സിന്റെ പരമാവധി നിരക്ക് 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.
മറ്റ് മോട്ടോര്‍ വാഹനങ്ങളുടെ നഷ്ട പരിഹാര സെസ്സ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജി.എസ്.റ്റി. കൗണ്‍സില്‍ പിന്നീട് തീരുമാനം കൈക്കൊള്ളും.