പിഎം ഇന്ത്യ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ന് സംഘടിപ്പിച്ച പരാക്രം ദിവസ് പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മഹത്തായ ദിവസമാണെന്ന് ചടങ്ങിനെ അഭിസംബോധനചെയ്ത ശ്രീ മോദി പറഞ്ഞു. നേതാജിയുടെ വീര്യവും ധൈര്യവും നമ്മെ പ്രചോദിപ്പിക്കുകയും അദ്ദേഹത്തോടുള്ള ആദരവ് നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തകാലത്തായി, പരാക്രം ദിവസ് രാജ്യത്തിന്റെ ആത്മവീര്യത്തിന്റെ അവിഭാജ്യമായ ഉത്സവമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് പരാക്രം ദിവസ്, 25-ന് ദേശീയ വോട്ടർ ദിനം, 26-ന് റിപ്പബ്ലിക് ദിനം, 29-ന് ബീറ്റിംഗ് റിട്രീറ്റ്, 30-ന് പൂജ്യ ബാപ്പുവിന്റെ ചരമവാർഷികം എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി വരുന്ന ദിനങ്ങൾ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരു പുതിയ പാരമ്പര്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിവസിൽ അദ്ദേഹം എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു.
2026-ലെ പരാക്രം ദിവസിന്റെ പ്രധാന ആഘോഷം ആൻഡമാൻ നിക്കോബാറിലാണ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. വീര്യവും ത്യാഗവും ധീരതയും നിറഞ്ഞ ആൻഡമാൻ നിക്കോബാറിന്റെ ചരിത്രവും, സെല്ലുലാർ ജയിലിലെ വീർ സവർക്കറെപ്പോലുള്ള ദേശസ്നേഹികളുടെ കഥകളും, നേതാജി സുഭാഷ് ചന്ദ്രബോസുമായുള്ള ബന്ധവും ഈ ആഘോഷത്തെ കൂടുതൽ സവിശേഷമാക്കുന്നു. സ്വാതന്ത്ര്യം എന്ന ആശയം ഒരിക്കലും അവസാനിക്കില്ല എന്ന വിശ്വാസത്തിന്റെ പ്രതീകമാണ് ആൻഡമാന്റെ മണ്ണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അനേകം വിപ്ലവകാരികൾ ഇവിടെ പീഡിപ്പിക്കപ്പെടുകയും നിരവധി പോരാളികൾ ജീവൻ ബലിയർപ്പിക്കുകയും ചെയ്തു, എന്നാൽ സ്വാതന്ത്ര്യസമരത്തിന്റെ കനൽ അണയുന്നതിന് പകരം കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തത്. അതിന്റെ ഫലമായി ആൻഡമാൻ നിക്കോബാറിന്റെ മണ്ണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൂര്യോദയത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. 1947-ന് മുമ്പ് തന്നെ, അതായത് 1943 ഡിസംബർ 30-ന് സമുദ്രത്തിലെ തിരമാലകൾ സാക്ഷിയായി ത്രിവർണ്ണ പതാക ഇവിടെ ഉയർന്ന കാര്യം അദ്ദേഹം ഓർമ്മപ്പെടുത്തി.
ഈ മഹത്തായ സംഭവത്തിന്റെ 75-ാം വാർഷികം 2018-ൽ ആഘോഷിച്ചപ്പോൾ, ഇതേ സ്ഥലത്ത് ഡിസംബർ 30-ന് ത്രിവർണ്ണ പതാക ഉയർത്താൻ തനിക്ക് ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി അനുസ്മരിച്ചു. കടൽത്തീരത്ത് ദേശീയഗാനം മുഴങ്ങുമ്പോൾ, ശക്തമായ കാറ്റിൽ പറക്കുന്ന ത്രിവർണ്ണ പതാക സ്വാതന്ത്ര്യസമര സേനാനികളുടെ എണ്ണമറ്റ സ്വപ്നങ്ങൾ യാഥാർത്ഥ്യമായെന്ന് വിളിച്ചറിയിക്കുന്നതുപോലെ തോന്നിച്ചുവെന്നും ശ്രീ മോദി പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മഹത്തായ ചരിത്രം സംരക്ഷിക്കപ്പെടേണ്ടതായിരുന്നുവെന്നും എന്നാൽ അന്ന് അധികാരത്തിൽ വന്നവർക്ക് ഒരുതരം അരക്ഷിതാവസ്ഥയാണുണ്ടായിരുന്നതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ബഹുമതി ഒരു കുടുംബത്തിലേക്ക് മാത്രമായി ഒതുക്കാൻ അവർ ആഗ്രഹിച്ചുവെന്നും, ഈ രാഷ്ട്രീയ സ്വാർത്ഥതയിൽ രാജ്യത്തിന്റെ ചരിത്രം അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷം കഴിഞ്ഞിട്ടും ഇവിടുത്തെ ദ്വീപുകൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പേരുകളിൽ തന്നെ അറിയപ്പെട്ടിരുന്നു. ആൻഡമാൻ നിക്കോബാറിനെ അധിനിവേശ ഭരണത്തിന്റെ അടയാളങ്ങളിൽ തന്നെ തളച്ചിടുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൻ്റെ ഗവണ്മെന്റ് ചരിത്രത്തോടുള്ള ഈ അനീതി അവസാനിപ്പിച്ചു, അതിനാൽ പോർട്ട് ബ്ലെയർ ഇപ്പോൾ നേതാജിയുടെ വിജയത്തെ ഓർമ്മിപ്പിക്കുന്ന ‘ശ്രീ വിജയപുരം’ ആയി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ മറ്റ് ദ്വീപുകൾക്ക് സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ്, സുഭാഷ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്തു. 2023-ൽ ആൻഡമാനിലെ 21 ദ്വീപുകൾക്ക് 21 പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകിയത് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് ആൻഡമാൻ നിക്കോബാറിൽ അടിമത്തവുമായി ബന്ധപ്പെട്ട പേരുകൾ മായ്ക്കപ്പെടുകയാണെന്നും സ്വതന്ത്ര ഇന്ത്യയുടെ പുതിയ പേരുകൾ അവയുടെ സ്വത്വം സ്ഥാപിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യസമരത്തിലെ മഹാനായ നായകൻ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് കാഴ്ചപ്പാടുള്ള ദീർഘദർശി കൂടിയായിരുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആധുനിക രൂപഘടനയുള്ളതും എന്നാൽ ഭാരതത്തിന്റെ പൗരാണിക ബോധത്തിൽ വേരൂന്നിയതുമായ ഒരു രാഷ്ട്രത്തെയാണ് അദ്ദേഹം വിഭാവനം ചെയ്തത്. നേതാജിയുടെ കാഴ്ചപ്പാടുകൾ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും തന്റെ ഗവണ്മെന്റ് അത് നിറവേറ്റുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഡൽഹിയിലെ ചുവപ്പുകോട്ടയിൽ നേതാജിക്കായി മ്യൂസിയം നിർമ്മിച്ചു, ഇൻഡ്യ ഗേറ്റിന് സമീപം നേതാജിയുടെ കൂറ്റൻ പ്രതിമ സ്ഥാപിച്ചു, റിപ്പബ്ലിക് ദിന പരേഡിൽ ഐഎൻഎയുടെ സംഭാവനകൾ അനുസ്മരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ സുഭാഷ് ചന്ദ്രബോസിന്റെ നാമധേയത്തിൽ ദുരന്ത നിവാരണ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയ കാര്യവും അദ്ദേഹം പരാമർശിച്ചു. ഈ ഉദ്യമങ്ങൾ നേതാജിയോടുള്ള ആദരവ് മാത്രമല്ല, നമ്മുടെ യുവാക്കൾക്കും വരുംതലമുറകൾക്കും പ്രചോദനത്തിന്റെ അനശ്വര സ്രോതസ്സുകളുമാണ്. ഈ ആദർശങ്ങളെ ആദരിക്കുന്നതും അവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതും വികസിത ഭാരതത്തെക്കുറിച്ചുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഊർജ്ജവും ആത്മവിശ്വാസവും കൊണ്ട് നിറയ്ക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
ദുർബലമായ ഒരു രാഷ്ട്രത്തിന് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രയാസമാണെന്നും അതിനാൽ നേതാജി സുഭാഷ് എപ്പോഴും കരുത്തുറ്റ ഒരു രാഷ്ട്രത്തെയാണ് സ്വപ്നം കണ്ടിരുന്നതെന്നും ശ്രീ മോദി വ്യക്തമാക്കി. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയും ശക്തവും നിശ്ചയദാർഢ്യമുള്ളതുമായ രാഷ്ട്രമായി സ്വയം മാറുകയാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ വഴി രാജ്യത്തെ മുറിവേൽപ്പിച്ചവരുടെ താവളങ്ങളിൽ കയറി ഇന്ത്യ തിരിച്ചടിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. എങ്ങനെ കരുത്താർജ്ജിക്കണമെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിനിയോഗിക്കണമെന്നും ഇന്ന് ഇന്ത്യക്കറിയാം. നേതാജിയുടെ ശതമായ ഇന്ത്യയെന്ന കാഴ്ചപ്പാട് പിന്തുടർന്ന് പ്രതിരോധ മേഖലയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പരിശ്രമിക്കുകയാണ്. മുൻപ് ഇന്ത്യ ആയുധങ്ങൾക്കായി ഇറക്കുമതിയെ മാത്രമാണ് ആശ്രയിച്ചിരുന്നത്, എന്നാൽ ഇന്ന് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,000 കോടി രൂപ കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ ആഗോള ശ്രദ്ധ ആകർഷിക്കുന്നു. ആത്മനിർഭർ ശക്തിയോടെ ഇന്ത്യ അതിന്റെ സായുധ സേനയെ ആധുനികവൽക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് 140 കോടി പൗരന്മാർ വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും, ആത്മനിർഭർ ഭാരത് പ്രചാരണത്തിലൂടെയും സ്വദേശി മന്ത്രത്തിലൂടെയും ഈ പാത കൂടുതൽ ശക്തമായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരാക്രമം ദിവസിന്റെ പ്രചോദനം വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് എന്നും കരുത്തേകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചു.
ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ ജോഷി (റിട്ട.), നേതാജി സുഭാഷ് ചന്ദ്രബോസ് ഐഎൻഎ ട്രസ്റ്റ് ചെയർമാൻ ബ്രിഗേഡിയർ (റിട്ട.) ആർ.എസ്. ചിക്കാര, സ്വാതന്ത്ര്യസമര സേനാനിയും ഐഎൻഎയുടെ നിത്യസാന്നിധ്യവുമായ ലഫ്റ്റനന്റ് ആർ. മാധവൻ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
On Parakram Diwas, we salute Netaji Subhas Chandra Bose. His unwavering courage and dedication to India’s freedom continue to inspire countless citizens. https://t.co/5rq9YCWD67
— Narendra Modi (@narendramodi) January 23, 2026
****
SK
On Parakram Diwas, we salute Netaji Subhas Chandra Bose. His unwavering courage and dedication to India’s freedom continue to inspire countless citizens. https://t.co/5rq9YCWD67
— Narendra Modi (@narendramodi) January 23, 2026