പിഎം ഇന്ത്യ
പതിനെട്ടാമത് റോസ്‌ഗാർ മേളയുടെ ഭാഗമായി ജനുവരി 24-ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് 61,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്യും. ചടങ്ങിൽ അദ്ദേഹം ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് റോസ്‌ഗാർ മേള. പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തുടനീളം നടന്ന റോസ്‌ഗാർ മേളകളിലൂടെ 11 ലക്ഷത്തിലധികം നിയമന ഉത്തരവുകൾ നൽകിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളിലായാണ് 18-ാമത് റോസ്‌ഗാർ മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, പുതുതായി നിയമിതരായ ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങി ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിയിൽ പ്രവേശിക്കും.
****
SK