Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘കർമ്മയോഗി സാധനാ സപ്താഹ്’-നെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘കർമ്മയോഗി സാധനാ സപ്താഹ്’-നെ അഭിസംബോധന ചെയ്തു


കപ്പാസിറ്റി ബിൽഡിം​ഗ് കമ്മീഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന കർമ്മയോഗി സാധനാ സപ്താഹിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം പൊതുസേവന മേഖലയും മുന്നേറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള സംവിധാനങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും അതിവേഗം മുന്നേറുകയാണെന്നും അതിനാൽ ഭരണസംവിധാനങ്ങൾ നിരന്തരം പരിഷ്കരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നമ്മുടെ പൊതുസേവന മേഖല 21-ാം നൂറ്റാണ്ടിലും പ്രസക്തവും ജനങ്ങളോട് പ്രതികരിക്കുന്നതുമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് കർമ്മയോഗി സാധനാ സപ്താഹ്,” പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഭരണരീതിയുടെ വഴികാട്ടിയായ തത്വത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഭരണസംവിധാനത്തെ നയിക്കുന്ന പ്രധാന മന്ത്രം പൗരനെ പരമോന്നതനായി കാണുന്ന “നാഗരിക് ദേവോ ഭവ” എന്നതാണെന്ന് ചൂണ്ടിക്കാട്ടി. പൊതുസേവനത്തെ പൗരന്മാരോട് കൂടുതൽ പ്രതിബദ്ധതയുള്ളതും പ്രാപ്തിയുള്ളതുമാക്കി മാറ്റുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഭരണത്തെ യഥാർത്ഥ പൗര കേന്ദ്രീകൃതമാക്കി മാറ്റിക്കൊണ്ട് അതിന് പുതിയൊരു വ്യക്തിത്വം നൽകുകയാണ്,” പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

കപ്പാസിറ്റി ബിൽഡിം​ഗ് കമ്മീഷൻ്റെ രൂപീകരണത്തെക്കുറിച്ച് സംസാരിക്കവെ, സ്വാതന്ത്ര്യത്തിന് ശേഷം പല സ്ഥാപനങ്ങളും വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഓരോ സർക്കാർ ജീവനക്കാരന്റെയും കഴിവ് വർദ്ധിപ്പിക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. “ഈ ചിന്തയാണ് കപ്പാസിറ്റി ബിൽഡിം​ഗ് കമ്മീഷന്റെ രൂപീകരണത്തിന് വഴിയൊരുക്കിയത്. സിസ്റ്റത്തിലെ ഓരോ കർമ്മയോഗിയെയും ശാക്തീകരിക്കുന്നതിലാണ് ഈ കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. സി.ബി.സിയുടെ സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന അദ്ദേഹം, ഐ.ജി.ഒ.ടി മിഷൻ കർമ്മയോഗിയുടെ വിജയകരമായ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ പരിശ്രമങ്ങളിലൂടെ ആധുനികവും പ്രാപ്തവും അർപ്പണബോധമുള്ളതും സംവേദനക്ഷമവുമായ ഒരു കർമ്മയോഗി സംഘത്തെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വികസിത ഭാരതം എന്ന വിശാലമായ ലക്ഷ്യവുമായി ഈ ഉദ്യമത്തെ ബന്ധിപ്പിച്ചുകൊണ്ട്, സേവാ തീർത്ഥിന്റെ ഉദ്ഘാടന വേളയിൽ താൻ നടത്തിയ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു. വേഗതയേറിയ സാമ്പത്തിക വളർച്ച, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യയുടെ സ്വീകാര്യത, വലിയൊരു നൈപുണ്യമുള്ള തൊഴിൽ സേന എന്നിവയുടെ ആവശ്യകത അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൊതുസ്ഥാപനങ്ങൾക്കും പൊതുസേവകർക്കും നിർണ്ണായക പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇന്നത്തെ ഇന്ത്യ വലിയ ലക്ഷ്യങ്ങളുള്ള ഒന്നാണ്. ഓരോ പൗരനും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അവ സാക്ഷാത്കരിക്കുന്നതിന് പരമാവധി പിന്തുണ നൽകുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്,” പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

പൗരന്മാരുടെ ജീവിതസൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡമായിരിക്കണം ഭരണം എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൊതുസേവകർ എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കണമെന്നും ഒരു യഥാർത്ഥ കർമ്മയോഗിയുടെ മനോഭാവത്തോടെ സ്വയം പാകപ്പെടണമെന്നും അഭ്യർത്ഥിച്ചു. “പൗരന്മാരുടെ ജീവിതനിലവാരം ഓരോ ദിവസവും മെച്ചപ്പെടുന്നുണ്ടെന്ന് നമ്മുടെ ഭരണം ഉറപ്പാക്കണം, ഇതാണ് നമ്മുടെ യഥാർത്ഥ മാനദണ്ഡം,” ശ്രീ മോദി വ്യക്തമാക്കി.

ഭരണസംസ്‌കാരത്തിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പഴയ സമ്പ്രദായം ഒരു ‘ഓഫീസർ’ എന്ന പദവിക്ക് അമിത പ്രാധാന്യം നൽകിയിരുന്നുവെന്നും എന്നാൽ ഇന്ന് രാജ്യം ‘കടമ’ എന്ന മനോഭാവത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കടമകൾ നിറവേറ്റുന്നതിലൂടെയാണ് ഭരണഘടന തന്നെ അവകാശങ്ങൾ നൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഓരോ തീരുമാനമെടുക്കുന്നതിന് മുൻപും നമ്മുടെ കടമ എന്താണെന്ന് ചിന്തിച്ചാൽ, ആ തീരുമാനങ്ങളുടെ സ്വാധീനം സ്വയം പലമടങ്ങ് വർദ്ധിക്കും,” പ്രധാനമന്ത്രി മോദി പറഞ്ഞു.

പൊതുസേവകർ തങ്ങളുടെ നിലവിലെ പ്രവർത്തനങ്ങളെ ഭാവിയിലേക്കുള്ള ഒരു വലിയ തലത്തിലെന്നപോലെ നോക്കിക്കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ വ്യക്തിഗത തീരുമാനങ്ങളും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ എങ്ങനെ മാറ്റുമെന്നും വ്യക്തിപരമായ മാറ്റം എങ്ങനെ സ്ഥാപനപരമായ മാറ്റത്തിലേക്ക് നയിക്കുമെന്നും നിരന്തരം ചിന്തിക്കാൻ അദ്ദേഹം അവരോട് നിർദ്ദേശിച്ചു. തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇത്തരം പരിവർത്തനപരമായ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം ആവശ്യമാണെന്ന് പ്രധാനമന്ത്രി കുറിച്ചു. “ഈ ഊർജ്ജം സ്വാർത്ഥരഹിതമായ സേവന മനോഭാവത്തിൽ നിന്ന് മാത്രമേ ലഭിക്കൂ,” അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതികവിദ്യയുടെ നിർണ്ണായക പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ ഭരണം, സേവന വിതരണം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ സാങ്കേതികവിദ്യ ആഴത്തിൽ സംയോജിപ്പിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഈ മാറ്റങ്ങൾ കൂടുതൽ വേഗത്തിലാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. “സാങ്കേതികവിദ്യയിലും ഡാറ്റയിലും മികച്ച അറിവുള്ളവർക്കായിരിക്കും കൂടുതൽ നല്ല ഭരണാധികാരിയും പൊതുസേവകനും ആകാൻ കഴിയുക; തീരുമാനങ്ങൾ എടുക്കുന്നതിന്റെ അടിസ്ഥാനം തന്നെ ഇതായിരിക്കും,” ശ്രീ മോദി ഊന്നിപ്പറഞ്ഞു. ‘സാധനാ സപ്താഹ്’-ൽ AI-യിലുള്ള ശേഷി വർദ്ധിപ്പിക്കലിനും നിരന്തര പഠനത്തിനും മുഖ്യ പരിഗണന നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ ഫെഡറൽ ഘടനയെക്കുറിച്ച് സംസാരിക്കവേ, രാജ്യത്തിന്റെ വിജയം എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ വിജയമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുന്നോക്ക സംസ്ഥാനങ്ങൾ, പിന്നോക്ക സംസ്ഥാനങ്ങൾ, ‘ബിമാരു’ സംസ്ഥാനങ്ങൾ എന്നിങ്ങനെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള തരംതിരിക്കലുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, പരിശ്രമങ്ങളിലെ തീവ്രത ഒരുപോലെയാക്കി സംസ്ഥാനങ്ങൾ തമ്മിലുള്ള വിടവ് നികത്തണമെന്നും അദ്ദേഹം നിരീക്ഷിച്ചു. “നമ്മൾ ഒറ്റപ്പെട്ട രീതിയിലുള്ള പ്രവർത്തന ശൈലി അവസാനിപ്പിക്കണം. മെച്ചപ്പെട്ട ഏകോപനത്തോടും ഒത്തൊരുമയോടും ഗവൺമെൻ്റിൻ്റെ  സമഗ്രമായ സമീപനത്തോടും കൂടി മുന്നോട്ട് പോകണം. എങ്കിൽ മാത്രമേ ഓരോ ദൗത്യവും വിജയിക്കുകയുള്ളൂ,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചു പറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രാദേശിക സർക്കാർ ഓഫീസാണ് ഗവൺമെൻ്റിൻ്റെയാകെ മുഖമെന്ന് പ്രധാനമന്ത്രി പൊതുസേവകരെ ഓർമ്മിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പ്രവർത്തന ശൈലിയും പെരുമാറ്റവുമാണ് ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലുമുള്ള പൊതുജനവിശ്വാസം നേരിട്ട് രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. “നമ്മൾ എന്ത് ചെയ്താലും, ഏത് തലത്തിലായാലും, ആ വിശ്വാസത്തെ നാം കാത്തുസൂക്ഷിക്കണം; അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ,” ശ്രീ മോദി പറഞ്ഞു. ശേഷി വർദ്ധിപ്പിക്കൽ കമ്മീഷനെ അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദിക്കുകയും, ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിൽ ‘കർമ്മയോഗി സാധനാ സപ്താഹ്’ ഒരു പ്രധാന അധ്യായമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

***

SK