പിഎം ഇന്ത്യ
2000 രൂപ വരെ മൂല്യമുള്ള ഡെബിറ്റ് കാര്‍ഡ്, ഭീം യു.പി.ഐ., എ.ഇ.പി.എസ്. ഇടപാടുകള്‍ക്കുള്ള വ്യാപാരി ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആര്‍.) ചാര്‍ജ് ബാങ്കുകള്‍ക്കു തിരിച്ചുനല്‍കുകവഴി ബാധ്യത രണ്ടു വര്‍ഷത്തേക്കു ഗവണ്‍മെന്റ് വഹിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
തുക തിരിച്ചുനല്‍കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ സാമ്പത്തിക സേവന വകുപ്പു സെക്രട്ടറിയും ഇലക്ടോണിക്‌സ്, ഐ.ടി. മന്ത്രാലയം സെക്രട്ടറിയും നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സി.ഇ.ഒയും അടങ്ങുന്ന സമിതി പഠിക്കും.
ഇക്കാര്യത്തില്‍ മന്ത്രിസഭ അനുമതി നല്‍കിയയോടെ 2000 രൂപയില്‍ കുറഞ്ഞ ഡിജിറ്റല്‍ ഇടപാടുകളില്‍ വ്യാപാരിഡിസ്‌കൗണ്ട് വഴി ഉപഭോക്താവിനോ വ്യാപാരിക്കോ അധികബാധ്യത ഇല്ലാതായിത്തീരും. ഇതു കൂടുതല്‍ പേരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇടപാടുകളില്‍ ഏറെയും കുറഞ്ഞ തുകകളുടേതാണ് എന്നതിനാല്‍ പണമിടപാടു ഗണ്യമായി കുറയുന്നതിനും ഇതു വഴിവെക്കും.
കേന്ദ്ര ഗവണ്‍മെന്റ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,050 കോടി രൂപയും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,462 കോടി രൂപയും എം.ഡി.ആര്‍. സബ്‌സിഡിയായി ബാങ്കുകള്‍ക്കു നല്‍കേണ്ടിവരുമെന്നാണു കണക്കാക്കപ്പെടുന്നത്.
നിലവിലുള്ള സാഹചര്യത്തില്‍ ഡിജിറ്റല്‍ വ്യാപാര ഇടപാടു നടത്തിയാല്‍ ബാങ്കിനു വ്യാപാരി എം.ഡി.ആര്‍. നല്‍കണം. അതിനാല്‍ത്തന്നെ, ഡെബിറ്റ് കാര്‍ഡുള്ളവര്‍ പോലും പണം നേരിട്ടു നല്‍കാന്‍നാണു താല്‍പര്യം കാട്ടുന്നത്. ഭീം യു.പി.ഐ., എ.ഇ.പി.എസ്. എന്നിവയിലൂടെ നടത്തുന്ന പണമിടപാടിനും എം.ഡി.ആര്‍. ചുമത്തുന്നുണ്ട്.