Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിസംബർ 27, 28 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും


2025 ഡിസംബർ 27, 28 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. ദേശീയ വികസന മുൻഗണനകളിൽ ഘടനാപരമായതും സുസ്ഥിരവുമായ സംവാദത്തിലൂടെ കേന്ദ്ര-സംസ്ഥാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ സമ്മേളനം.

സഹകരണാത്മക ഫെഡറലിസം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ ഊന്നിയുള്ള ഈ സമ്മേളനം, ഇന്ത്യയുടെ മാനവ മൂലധന ശേഷി  പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാവി-സജ്ജമായ വളർച്ച ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഏകീകൃത കർമ്മരേഖ രൂപപ്പെടുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിക്കുന്ന വേദിയാണ്.

2025 ഡിസംബർ 26 മുതൽ 28 വരെ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം, ഒരു പൊതു വികസന അജണ്ടയ്ക്ക് അന്തിമരൂപം നൽകാൻ ലക്ഷ്യമിട്ടുള്ള തീവ്രമായ ചർച്ചകൾക്കായി നീക്കിവയ്ക്കും. ഇന്ത്യയുടെ ജനസംഖ്യയെ കേവലം ജനസംഖ്യാപരമായ വിഹിതമായി കാണുന്നതിലുപരി, വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ശക്തിപ്പെടുത്തുന്നതിനും നൈപുണ്യ വികസന സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള കൃത്യമായ തന്ത്രങ്ങൾ വികസിപ്പിച്ചുകൊണ്ട് പൗരന്മാരെ മനുഷ്യ മൂലധനമായി മാറ്റുന്നതിനുള്ള സഹകരണാത്മകമായ പ്രവർത്തനങ്ങൾക്ക് ഈ സമ്മേളനം അടിത്തറപാകും.

കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, നിതി ആയോഗ്, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ തമ്മിലുള്ള വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ‘വികസിത ഭാരതത്തിനായി മനുഷ്യ മൂലധനം’ എന്ന പ്രമേയത്തിലാണ് അഞ്ചാമത് ദേശീയ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ മുഖ്യ പ്രമേയത്തിന് കീഴിൽ, വിശദമായ ചർച്ചയ്ക്കായി തിരഞ്ഞെടുത്ത അഞ്ച് പ്രധാന മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും: ശിശുവിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കായികം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയാണവ.

സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് ആറ് പ്രത്യേക സെഷനുകളും നടക്കും. ഭരണനിർവഹണത്തിലെ സാങ്കേതികവിദ്യ; അവസരങ്ങൾ; അപകടസാധ്യതകളും ലഘൂകരണവും; സ്മാർട്ട് സപ്ലൈ ചെയിൻ – വിപണന ബന്ധങ്ങൾ എന്നിവയ്ക്കായുള്ള അഗ്രിസ്റ്റാക്ക്; ഒരു സംസ്ഥാനം ഒരു ലോകോത്തര വിനോദസഞ്ചാര കേന്ദ്രം; ആത്മനിർഭർ ഭാരതും സ്വദേശിയും; ഇടതു തീവ്രവാദം ഇല്ലാതാക്കിയ ശേഷമുള്ള ഭാവി പദ്ധതികൾ എന്നിങ്ങനെയുള്ള സെഷനുകളാണവ.

കൂടാതെ, പൈതൃക-കൈയെഴുത്തുപ്രതി സംരക്ഷണവും ഡിജിറ്റൈസേഷനും, എല്ലാവർക്കും ആയുഷ് – പ്രാഥമിക ആരോഗ്യ പരിരക്ഷയിൽ അറിവുകളുടെ സംയോജനം എന്നീ വിഷയങ്ങളിലും പ്രത്യേക ചർച്ചകൾ നടക്കും.

കഴിഞ്ഞ നാല് വർഷമായി ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം വർഷം തോറും സംഘടിപ്പിച്ചു വരുന്നു. ആദ്യ സമ്മേളനം 2022 ജൂണിൽ ധരംശാലയിൽ നടന്നു. തുടർന്ന് 2023 ജനുവരി, 2023 ഡിസംബർ, 2024 ഡിസംബർ മാസങ്ങളിൽ ന്യൂഡൽഹിയിലും സമ്മേളനങ്ങൾ സംഘടിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

*** 

SK